Monday, July 29, 2013


ഖലീഫാ ഉമറിന്റെ ഭരണത്തിന്റെ കീഴില്‍ എനിക്ക്‌ ഏതു മലഞ്ചെരുവിലും തനിച്ചു കിടന്നുറങ്ങാം, ചെന്നായ്ക്കളെയല്ലാതെ മറ്റൊന്നിനെയും താന്‍ ഭയക്കേണ്ടതില്ല



ഒരു രാവിന്റെ കുളിര്‍മ്മയില്‍ സുഖമായുറങ്ങുന്ന മദീന. പ്രവാചകന്റെ പ്രിയപ്പെട്ട മദീന. പ്രവാചകന്റെ വിയോഗ ശേഷമുള്ള രണ്ടാമത്ത ഖലീഫയായ ഖലീഫാ ഉമറിന്റെ ഭരണ കാലഘട്ടം. ഉമറിനെ പ്രവാചകന്‍ വിളിച്ചിരുന്ന വിളിപ്പേരായിരുന്നു അബുള...്‍ഹഫ്സ്‌ എന്ന്‌. കടുവക്കുട്ടിയുടെ പിതാവെന്നായിരുന്നു അതിന്റെ അര്‍ത്ഥം, ഉമറിന്‌ ആ വിളിപ്പേര്‌ വളരെ ഇഷ്ടമായിരുന്നു. ഉമറിന്‌ പ്രവാചകന്‍ നല്‍കിയ സ്ഥാനപ്പേരായിരുന്നു ഫാറൂഖ്‌ എന്നത്‌. നന്‍മ തിന്‍മകളെ വിഭജിച്ചു നിറുത്തുന്നവന്‍ എന്നായിരുന്നു ആ വാക്കിന്റെ അര്‍ത്ഥം. ഉമര്‍ അങ്ങിനെയായിരുന്നു. ഒന്നാം ഖലീഫയായിരുന്ന അബൂബക്കറിന്റെ വിയോഗാനന്തരം ഉമറിന്റെ ചുമലിലാണ്‌ ഖലീഫാ പട്ടം വന്നു ചേര്‍ന്നത്‌. ഇത്‌ എന്റെ നാശമാണല്ലോ, ഇത്‌ എന്റെ നാശത്തിനാണല്ലോ എന്നു പറഞ്ഞു കൊണ്ട്‌ അന്ന്‌ ഉമര്‍ വാവിട്ട്‌ കരഞ്ഞിരുന്നു.

. ഭരണമേറ്റെടുത്തതിന്റെ ശേഷം ഉമര്‍ നടത്തിയത്‌ രണ്ടു പ്രസംഗങ്ങളാണ്‌. ഒരു പക്ഷെ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത രണ്ടു പ്രസംഗങ്ങള്‍. ആ പ്രസംഗങ്ങളില്‍ ഒന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരോടാണ്‌ അദ്ദേഹം നടത്തിയത്‌. അത്‌ ഇങ്ങിനെയായിരുന്നു. "എന്റെ പ്രിയപ്പെട്ട കുടുംബമേ, ഇന്നാലിന്നവരുടെ സന്തതികളേ. നിങ്ങള്‍ ഉമറിന്റെ ബന്ധുക്കളാണ്‌. അതു കൊണ്ട്‌ നിങ്ങളിലാരെങ്കിലും ഒരു തെറ്റു ചൈതാല്‍ ഞാന്‍ നിങ്ങളെ ഇരട്ടിയായി ശിക്ഷിക്കും. കാരണം, ജനങ്ങള്‍ മാംസക്കടയില്‍ തൂക്കിയിട്ടിരിക്കുന്ന മാംസത്തിലേക്ക്‌ നായ്ക്കള്‍ നോക്കുന്നതു പോലെ ആര്‍ത്തിയോടെ നിങ്ങളെ നോക്കിക്കൊണ്ടിരിക്കും. നിങ്ങളിലാരെങ്കിലുമൊരു തെറ്റു ചൈതാല്‍ അതിന്റെ മറവില്‍ തങ്ങള്‍ക്ക്‌ ആ തെറ്റു ചെയ്യാമല്ലോ എന്നോര്‍ത്ത്‌. അതിനാല്‍ നിങ്ങള്‍ നിങ്ങളെ സൂക്ഷിച്ചു കൊള്ളുക. നിശ്ചയം ഉമര്‍ അല്ലാഹുവിനെ ഭയക്കുന്നു. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തിലല്ലാതെ നിങ്ങള്‍ക്ക്‌ ഉമറിനെ കണ്ടെത്താനാവില്ല."

ഉമര്‍ ഭരണം തുടങ്ങി കുറേ കാലം കഴിഞ്ഞു. രാത്രി സമയങ്ങളില്‍ മദീന ഉറങ്ങിക്കിടക്കുമ്പോള്‍ ഉറങ്ങാതെ മദീനയുടെ തെരുവോരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ടായിരുന്നു ഉമര്‍. ഏതെങ്കിലും ഒരു മനുഷ്യന്‌ എന്തെങ്കിലും ഒരാവിശ്യമുണ്ടെങ്കിലോ എന്നോര്‍ത്ത്‌. അത്തരം ഒരു യാത്രയില്‍, ഒരു തണുത്ത രാത്രിയില്‍, മദീനയുടെ പ്രാന്തപ്പ്രദേശത്തെ ഒരു താഴ്‌വരയില്‍ ഖലീഫാ ഉമര്‍ ഒരു തീവെട്ടം കണ്ടു. ആകാംഷയോടെ അദ്ദേഹം അങ്ങോട്ടു ചെന്നു. അവിടെ ഒരു സ്‌ത്രീ ആ വിജനമായ സ്ഥലത്ത്‌ ഒരു മരച്ചുവട്ടില്‍ ഒരു അടുപ്പു കൂട്ടി തീ കത്തിച്ചു കൊണ്ടിരിക്കുകയാണ്‌. അവളുടെ അരികില്‍ തളര്‍ന്നുറങ്ങുന്ന രണ്ടോ മൂന്നോ കുഞ്ഞുങ്ങളുണ്ടായിരുന്നു. അടുപ്പിന്റെ മുകളിലെ ഒരു കലത്തില്‍ തിളച്ചു കൊണ്ടിരിക്കുന്ന വെറും വെള്ളം മാത്രം. തന്റെ അടുത്തൊരു നിഴലാട്ടം കണ്ടപ്പോള്‍ സ്‌ത്രീ ഞെട്ടിത്തിരിഞ്ഞു നോക്കി. അപരിചിതനായ ഒരു പുരുഷനെ കണ്ടപ്പോള്‍ വര്‍ദ്ധിച്ച കോപത്തോടെ ആ സ്‌ത്രീ ഖലീഫാ ഉമറിനോടു ചോദിച്ചു. "ഹെ.. മനുഷ്യ. നിങ്ങള്‍ക്കിത്ര ധൈര്യമോ? വിജനമായ ഒരു സ്ഥലത്ത്‌ ഒരു സ്‌ത്രീ മാത്രമുള്ളപ്പോള്‍ അവളുടെ അടുത്തേക്ക്‌ പാത്തും പതുങ്ങിയും വരാന്‍ നിങ്ങളെങ്ങിനെ ധൈര്യപ്പെടുന്നു. അറേബ്യ ഭരിക്കുന്നത്‌ ഉമറാണെന്ന്‌ നിങ്ങള്‍ക്കറിയില്ലെ. നാളെ ഈ കാര്യമെങ്ങാനും ഉമററിഞ്ഞാല്‍ നിങ്ങളുടെ കാര്യമെന്താവുമെന്ന്‌ നിങ്ങളോര്‍ക്കുന്നുണ്ടോ?"

"ഉമര്‍ ശാന്തനായി പറഞ്ഞു. പ്രിയപ്പെട്ട സഹോദരീ. അപരിചിതവും വിജനവുമായ ഒരു സ്ഥലത്ത്‌ തീ വെളിച്ചം കണ്ടു വന്നതാണ്‌. നിങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന്‌ തോണുന്നു. നിങ്ങള്‍ക്ക്‌ വല്ല സഹായവും ആവിശ്യമുണ്ടോ? നിങ്ങള്‍ ആരാണ്‌? എന്തിനാണ്‌ ഇങ്ങോട്ട്‌ വന്നിരിക്കുന്നത്‌?" "ഞങ്ങള്‍ ദൂരെ നിന്ന്‌ വരികയാണ്‌. പട്ടിണി സഹിക്കാന്‍ വയ്യാതായ കാരണം ഖലീഫാ ഉമറിനെ കണ്ട്‌ സഹായമെന്തെങ്കിലും കിട്ടുമോ എന്ന്‌ നോക്കാന്‍ വന്നതാണ്‌. ഇവിടെ എത്തിയപ്പോള്‍ രാത്രിയായി. നാളെ രവിലെ ഖലീഫയെ കാണാമെന്നു കരുതി. വിശന്ന മക്കള്‍ വെറുതെ വെള്ളം ചൂടാക്കുന്നത്‌ കാണുമ്പോള്‍ ഭക്ഷണമായിരിക്കും എന്നാശ്വസിച്ച്‌ കിടക്കുമല്ലോ. അവര്‍ അങ്ങിനെ ഉറങ്ങട്ടെ. ഖലീഫക്കിതൊന്നും അറിയണ്ടല്ലോ. നാളെ അല്ലാഹുവിന്റെ കോടതിയില്‍ വിശന്നുറങ്ങുന്ന എന്റെ കുട്ടികളുടെ കാര്യത്തില്‍ ഖലീഫക്കെങ്ങിനെ ഒഴിഞ്ഞു മാറാനാവും." ആ സ്‌ത്രീയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഖലീഫാ ഉമര്‍ ഞെട്ടി വിറച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ധാര ധാരയായി കണ്ണുനീര്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി. പിന്നെ അദ്ദേഹം അവിടെ നിന്നില്ല. തിരിച്ചോടുകയായിരുന്നു. തന്റെ മന്ത്രിയുടെ വീടിണ്റ്റെ വതിലില്‍ മുട്ടി വിളിച്ചു. അദ്ദേഹം പുറത്തേക്ക്‌ വന്നപ്പോള്‍ ഖലീഫ ഉമര്‍ ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളു. "അറേബ്യയില്‍ എത്ര മനുഷ്യര്‍ പട്ടിണി കിടക്കുന്നുണ്ട്‌?" "അമീറുല്‍ മുഅ്മിനീന്‍.. എന്റെ അറിവില്‍ ആരുമില്ല തന്നെ." "കഷ്ടം.. നിനക്കും ഉമറിനും നാശം. ആ മലഞ്ചെരുവിലതാ ഉമറിനുള്ള ശിക്ഷ വിശന്നുറങ്ങുന്നു. നീയിവിടെ ഉറങ്ങുകയാണോ? എന്റെ കൂടെ വരിക!"
ഉമര്‍ അയാളെയും കൂട്ടി പൊതു ഖജനാവിന്റെ അടുത്തു ചെന്നു. അതിന്റെ കാവല്‍കാരനോട്‌ അത്‌ തുറക്കാന്‍ പറഞ്ഞു. വലിയ ഒരു ചാക്ക്‌ ധാന്യം തന്റെ തലയിലേക്ക്‌ വച്ചു തരാന്‍ ഉമര്‍ തന്റെ മന്ത്രിയോട്‌ പറഞ്ഞു. അയാള്‍ മടിച്ചു നിന്നു. പിന്നെ ഉമറിനോടു പറഞ്ഞു. "അമീറുല്‍ മുഅ്മിനീന്‍.. താങ്കളത്‌ എന്റെ ചുമലിലേക്ക്‌ പിടിച്ചു തരിക. ഞാനിവിടെ നില്‍ക്കുമ്പോള്‍ ഈ ഭാരം അങ്ങ്‌ ചുമക്കുകയോ?" കോപത്തോടെ ഖലീഫാ ഉമര്‍ ചോദിച്ചു. "നാളെ വിചാരണ ദിവസം അല്ലാഹുവിന്റെ മുമ്പില്‍ എന്റെ പാപ ഭാരങ്ങളും നീ ചുമക്കുമോ? നീ ഇതെന്റെ ചുമലിലേക്ക്‌ വച്ചു തരിക. ഇത്‌ ഖലീഫയുടെ ഉത്തരവാണ്‌." ആ രാജ കല്‍പ്പനക്കു മുമ്പില്‍ മന്ത്രിക്ക്‌ മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ തലയില്‍ ചുമന്ന ചാക്കും, ഒരു കയ്യില്‍ ഈത്തപ്പഴ വട്ടിയുമായി ഖലീഫാ ഉമര്‍ ആ മലഞ്ചെരുവ്‌ ലക്ഷ്യമാക്കി നടന്നു. പിന്നാലെ വഴി വെളിച്ചം കാണിച്ചു കൊണ്ട്‌ മന്ത്രിയും. അവരെത്തിയപ്പോള്‍ ആ സ്‌ത്രീ അമ്പരന്നു പോയി. ഉമര്‍ ആ സ്‌ത്രീക്ക്‌ ധാന്യവും ഈത്തപ്പഴവും കൊടുത്തു. അതെല്ലാം കിട്ടിയ സന്തോഷത്തോടെ ആ സ്‌ത്രീ പറഞ്ഞു. "നിങ്ങളെത്ര നല്ല മനുഷ്യനാണ്‌. തീര്‍ച്ചയായും ഉമറിനെക്കാളും അറേബ്യയുടെ ഖലീഫയാകാന്‍ നിങ്ങളാണ്‌ യോഗ്യന്‍. അതു കേള്‍ക്കെ ഇതാണ്‌ ഖലീഫ ഉമര്‍ എന്നു പറയാനാഞ്ഞ മന്ത്രിയു മുഖത്തേക്ക്‌ ഖലീഫാ ഉമറൊന്നു നോക്കിയപ്പോള്‍ പിന്നെ അങ്ങിനെ പറയാന്‍ മന്ത്രിക്കായില്ല.

ഖലീഫാ ഉമര്‍ ആ സ്‌ത്രീയോടായി ഇങ്ങിനെ പറഞ്ഞു. "പ്രിയപ്പെട്ട സഹോദരീ. ഖലീഫാ ഉമറിന്‌ ഒരു പക്ഷെ നിങ്ങളുടെ വിവരമൊന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടാവുല്ല. അദ്ദേഹം തീര്‍ച്ചയായും അല്ലാഹുവിനെ ഭയക്കുന്നവനാണ്‌. നിങ്ങള്‍ നാളെ അദ്ദേഹത്തെ ചെന്നു കാണുക. അദ്ദേഹം നിങ്ങളെ വേണ്ട രീതിയില്‍ സഹായിക്കുക തന്നെ ചെയ്യും. " ഇത്രയും പറഞ്ഞു കൊണ്ട്‌ ഖലീഫാ ഉമര്‍ കുറച്ചകലേക്കു മാറി ആ സ്‌ത്രീക്കും കുഞ്ഞുങ്ങള്‍ക്കും കാവലെന്നവണം പുലര്‍ച്ചെ വെള്ള കീറുന്നതു വരെ ആ മലഞ്ചെരുവിന്റെ ഒരു ഭഗത്തിരുന്നു. ഖലീഫാ ഉമറിന്റെ ഭരണത്തിന്റെ കീഴില്‍ എനിക്ക്‌ ഏതു മലഞ്ചെരുവിലും തനിച്ചു കിടന്നുറങ്ങാം, ചെന്നായ്ക്കളെയല്ലാതെ മറ്റൊന്നിനെയും താന്‍ ഭയക്കേണ്ടതില്ല എന്നൊരു സ്‌ത്രീക്ക്‌ ഉത്തമ ബോധ്യമുണ്ടായിരുന്നെങ്കില്‍, ഞാന്‍ കൊതിച്ചു പോവുകയാണ്‌, പകലെങ്കിലും ഇന്ന്‌ നമ്മുടെ പെണ്‍ക്കുട്ടികള്‍ക്ക്‌ ധൈര്യപൂര്‍വ്വം സ്വന്തം വീട്ടിലെങ്കിലും സുരക്ഷിതമായി കഴിയാനായെങ്കിലെന്ന്‌!.............,,,,,

മുസ്ലിം സൈന്യം അബു ഉബൈദ[റ]വിന്റെ നേത്രുതത്തിലായിരുന്നു. ജറുസലാം എന്ന വിശുദ്ധ പട്ടണം യുദ്ധം ചെയ്തു കീഴടക്കാന്‍ അദ്ദേഹത്തിനു ആഗ്രഹമുണ്ടായിരുന്നില്ല. പട്ടണം ക്രിസ്തീയരുടെ കയ്യിലായിരുന്നു. ഒരു രക്തചൊരിച്ചിലിനു വക വെക്കാതെ മുസ്ലിം നേത്രുതത്തെ അന്ഗീകരിക്കണമെന്ന ആവശ്യം അദ്ദേഹം ഒരു ദൂദന്‍ വഴി ഭരണാധികാരിയുടെ മുന്നിലെത്തിച്ചു. “നിങ്ങളുടെ ഖലീഫ ഇവിടെ നേരിട്ട് വന്നു ഈ നിര്ദേ ശം നേരിട്ട് തന്നാല്‍ ഞങ്ങള്‍ സ്വീകരിക്കാം. അല്ലാതെ സേനാധിപന്റെ നിര്ധേഷത്തിനു വഴങ്ങാന്‍ ഞങ്ങള്‍ ഒരുക്കമല്ല.” ക്രിസ്തീയ ഭരണാധികാരി പറഞ്ഞു. വിവരം അബു ഉബൈദ[റ] ഖലീഫ ഉമര്‍[റ] യെ വിവരം അറിയിച്ചു. ഖലീഫ ജറുസലമിലേക്ക് പോകാന്‍ തീരുമാനിച്ചു. പ്രതേകിച്ചു യാതൊരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. ഒട്ടകവും ഒരു ഭ്രിത്യനും ഭക്ഷണ വസ്ത്രങ്ങളും മാത്രം. രാജകീയ പ്രൌഡിയുടെ ഒരു കണിക പോലും അവിടെ കണ്ടില്ല. മദീനയില്‍ നിന്നും ജരുസലമിലേക്കുള്ള യാത്ര വളരെ വിഷമം പിടിച്ചതാണ്. കുന്നും മലയും മരുഭൂമിയും താണ്ടണം. വേനല്‍ ചൂടും ചുട്ടുപഴുത്ത മണല്ക്കാടും, ഇടക്കിടക്കുള്ള തീക്കാറ്റും, ബുദ്ധിമുട്ടുകള്‍ അവഗണിച്ചു ഉമര്‍[റ] യാത്രക്കൊരുങ്ങി. ഖലീഫയും ഭ്രിത്യനും ഒട്ടകപ്പുറത്ത് കയറി. പക്ഷെ കടിഞ്ഞാണ്‌മായി മുന്നില്‍ നടക്കാതെ ഒട്ടകം നടക്കാന്‍ തയ്യാറായില്ല. നോക്കെത്താ ദൂരത്തോളം കടിഞ്ഞാണുമായി നടക്കാന്‍ ഒരാള്ക്കാ കില്ല. മറ്റൊരാളെ വിളിക്കാന്‍ ഖലീഫ തയ്യാറായതുമില്ല. രണ്ടു പേരും കൂടി ദൂരം പങ്കിടാന്‍ തീരുമാനിച്ചു. ആദ്യം ഖലീഫ ഒട്ടകപുറത്തു കയറി ഭ്രിത്യന്‍ കടിഞ്ഞാണും പിടിച്ചു നടന്നു. കുറെ ദൂരം പിന്നിട്ടപ്പോള്‍ ഖലീഫയുടെ ഊഴമായി. അദ്ദേഹം താഴെയിറങ്ങി കടിഞ്ഞാണ്‍ പിടിച്ചു ഭ്രിത്യന്‍ ഒട്ടകപ്പുറത്തും. ഇങ്ങനെ മാറി മാറി യാത്ര ചെയ്തു അവര്‍ ജറുസലമിലെത്തി. പട്ടണത്തിനടുത്തെത്തിയപ്പോള്‍ ഊഴം ഖലീഫക്കായിരുന്നു. കടിഞ്ഞാല്‍ താന്‍ തന്നെ വലിക്കാമെന്നു ഭ്രിത്യന്‍ പറഞ്ഞെങ്കിലും ഖലീഫ സമ്മതിച്ചില്ല. അദ്ദേഹം താഴെയിറങ്ങി ഒട്ടകത്തെ തെളിച്ചു. ഭ്രിത്യന്‍ മനസ്സില്ലാ മനസ്സോടെ ഒട്ടകപ്പുറത്ത് കയറി. ജറുസലമിലെ ക്രിസ്തീയ ഭരണാധികാരിയും സംഗവും എല്ലാ ആതിഥ്യ മര്യാതയോടും കൂടി ഖലീഫയും പരിവാരെതെയും പ്രതീക്ഷിചിരിക്കയാണ്. ലോകം അടക്കി വാഴുന്ന ഖലീഫയുടെ പ്രൌടിയെ മറികടക്കാന്‍ തങ്കക്കസവും സ്വര്ണനകിരീടവും അണിഞ്ഞു കണക സിംഹാസനത്തില്‍ ഉപവിഷ്ടനായി. ഒട്ടകത്തെയും തെളിച്ചു ഖലീഫ കൊട്ടാരത്തിന്റെ മുന്നിലെത്തി. വിവരം അബു ഉബൈദ[റ] ഭരണാധികാരിയെ അറിയിച്ചു. തിരുമനസ്സ് ഖലീഫയെ സ്വീകരിക്കാനൊരുങ്ങി. ആ രംഗം കണ്ടു ഭരണാധികാരി അത്ഭുതസ്തബ്തനായി നിന്നു. ലോകം മുഴുവന്‍ വിജയത്തിന്റെ വെന്നിക്കൊടിയുമായി മുന്നേറുന്ന ഒരു മഹാ സാമ്രാജ്യത്തിന്റെ അധിപനോ ഇദ്ദേഹം..?? വേഷവിധാനമെവിടെ, പുരുഷാരവമെവിടെ, പരിവാരമെവിടെ, സന്നാഹങ്ങളെവിടെ..?? ഭരണാധികാരി ചോദിച്ചു. ഒട്ടകപ്പുറത്തിരിക്കുന്ന ഖലീഫയെ സ്വീകരിക്കാനായി അദ്ദേഹം കൈ നീട്ടി. ഉടനെ അബു ഉബൈദ[റ] ഇടപെട്ടു. ‘ഇദ്ദേഹമാണ് ഖലീഫ. ഒട്ടകപ്പുറത്തിരിക്കുന്നത് ഭ്രിത്യനാണ്. കടിഞ്ഞാണ്‍ വിട്ടു ഖലീഫ ഹസ്തദാനത്തിനായി മുന്നോട്ടു വന്നു. ഭരണാധികാരി ആകെ അന്ധാളിച്ചു. താന്‍ കബളിക്കപ്പെട്ടോ എന്നൊരു തോന്നല്‍. ഒരു യന്ത്രത്തെപ്പോലെ ഒട്ടകക്കാരനായ ഖലീഫയെ അദ്ദേഹം സ്വീകരിച്ചു. ക്രിസ്തീയര്‍ നിറകണ്ണുകളോടെ ആ വിസ്മയ രംഗത്തിനു ദൃസാക്ഷികളായി. ഇതാണ് മഹാത്മാ ഗാന്ധി പറഞ്ഞ ഖലീഫ ഉമര്‍.[റ]

ലോകരക്ഷിതാവായ അല്ലാഹു നമ്മുടെ ഭരനാതികാരികൽകു നമയിലതിഷ്ടിതമായ ജീവിതം നയികാനുള്ള മനസ് നല്കി അനുഗ്രഹികട്ടെ ...അമീൻ ...

Monday, July 8, 2013

മുഹമ്മദ് നബി (സ്വല്ലള്ളാഹു അലൈഹി വ സ്വലം )


വിവിധ പ്രദേശങ്ങളിലും പ്രത്യേക സമുദായങ്ങളിലുമായിട്ടായിരുന്നു ആദ്യകാലങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിച്ചിരുന്നത്. മനുഷ്യകുലത്തിന്റെ പിതാവായ ആദം തന്നെയായിരുന്നു പ്രഥമ പ്രവാചകന്‍. പില്‍കാലത്ത് വിവിധ സ്ഥലങ്ങളില്‍ ആദമിന്റെ സന്തതികള്‍ വ്യാപിച്ചതോടെ ദൈവിക സന്ദേശത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വിസ്മൃതമാവുകയും അതില്‍ നിന്ന് അവര്‍ വ്യതിചലിക്കുകയും ചെയ്തു. അപ്പോള്‍ അവരെ അടിസ്ഥാന സന്ദേശത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പുതിയ പ്രാവാചകന്‍മാരെ ദൈവം നിയോഗിച്ചുകൊണ്ടിരുന്നു. ലോകം ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്തതിനാല്‍ ആ പ്രവാചകന്‍മാരുടെ ശിക്ഷണങ്ങള്‍ സ്വസമുദായത്തിലും സ്വന്തം ദേശത്തും ഒതുങ്ങുന്നതായിരുന്നു. സത്യമാര്‍ഗത്തില്‍ നിന്നുള്ള ഓരോ ജനതയുടെയും വ്യതിചലനവും വ്യത്യസ്തമായിരുന്നു. ആഗോളതലത്തിലുള്ള ഒരു സന്ദേശവാഹകന്റെ ആഗമനം അന്ന് പ്രായോഗികമോ പ്രസക്തമോ ആയിരുന്നില്ല. പിന്നീട് മനുഷ്യസമൂഹം ശൈശവഘട്ടം തരണംചെയ്തു കൂടുതല്‍ പുരോഗതി പ്രാപിച്ചുതുടങ്ങി. കപ്പല്‍ സഞ്ചാരം വഴിയും വ്യാപാരസംഘങ്ങളിലൂടെയും വിദൂരദേശങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടുതുടങ്ങി. ഈ ഘട്ടത്തിലാണ് അറേബ്യയിലെ മക്കയില്‍ മുഴുവന്‍ മാനവ സഞ്ചയത്തിനുമായി മുഹമ്മദ് നബിയെ ദൈവം നിയോഗിക്കുന്നത്. ആഗതാനാകുന്നത്. ഭൂമിശാസ്ത്രപരമായി അറേബ്യ ഭൂഖണ്ഡങ്ങളുടെ ഏതാണ്ട് മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രവാചകന്‍മാരുടെ കുലപതിയായി അറിയപ്പെടുന്ന ഇബ്‌റാഹീം (അബ്രഹാം) പ്രവാചകന്റെ പാരമ്പര്യത്തിലുള്ളവരായിരുന്നു അറേബ്യന്‍ നിവാസികള്‍. ഇബ്‌റാഹീമിന്റെ പുത്രന്‍ ഇസ്ഹാഖിന്റെ താവഴിയാലുള്ളവരാണ് ഇസ്രായീല്യരെങ്കില്‍ ഇസ്മാഈലി(യിശ്മയേല്‍)ന്റെ പിന്‍തലമുറക്കാരാണ് അറേബ്യന്‍ നിവാസികള്‍. എന്നാല്‍ അവര്‍ പിതാവായ ഇബ്‌റാഹീം നബിയുടെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചുപോയിരുന്നു. ഏകദൈവാരാധനക്കായി ഇബ്‌റാഹീം പ്രവാചകന്‍ നിര്‍മിച്ച കഅ്ബാലയത്തില്‍ പോലും ബിംബങ്ങളെ പ്രതിഷ്ഠിച്ചു പൂജിച്ചിരുന്നു അവര്‍. മദ്യപാനം, ചൂതുകളി, വ്യഭിചാരം എന്നീ അധാര്‍മികതകളും കവര്‍ചയും കൊലയും ലഹളയും സര്‍വവ്യപകവുമായിരുന്നു. എങ്കിലും സ്വാതന്ത്ര്യബോധവും അഭിമാനബോധവും ധൈര്യവും അവരുടെ ഗുണങ്ങളായിരുന്നു. അക്കാലത്തെ സാമ്രാജ്യശക്തികളായിരുന്നു റോമയും പേര്‍ഷ്യയും. ലോകത്തിന്റെ പലഭാഗങ്ങളും അവരുടെ കീഴിലായിരുന്നെങ്കിലും അറേബ്യന്‍ ജനത അവരുടെ അധികാരത്തിന് കീഴടങ്ങിയിരുന്നില്ല. അതിനാല്‍ അവരെ സംസ്‌കരിക്കുകയാണെങ്കില്‍ ലോകത്തെ മുഴുവന്‍ ഉദ്ധരിക്കാനുള്ള പ്രാപ്തി അവര്‍ക്കുണ്ടായിരുന്നു. ഈ പശ്ചാതലത്തിലാണ് മുഹമ്മദ് നബി അവര്‍ക്കിടയില്‍ 40 ാംവയസ്സില്‍ പ്രാവാചകനായി ആഗതനാകുന്നത്. പ്രവാചകത്വത്തിന്റെ മുമ്പും അദ്ദേഹത്തിന്റെ ജീവിതം വളരെ പരിശുദ്ധവും സത്യസന്ധവുമായിരുന്നു. വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന 'അല്‍അമീന്‍' എന്ന പേരിലായിരുന്നു അദ്ദേഹം സമൂഹത്തില്‍ അറിയപ്പെട്ടിരുന്നത്. ഭാരം വഹിക്കുന്നവര്‍ക്കും ദുഃഖിതര്‍ക്കും ദുര്‍ബലര്‍ക്കും, അനാഥനായി വളര്‍ന്ന അദ്ദേഹം എപ്പോഴം താങ്ങും തണലുമായി വര്‍ത്തിച്ചു. ആരാധനക്കര്‍ഹന്‍ ദൈവം മാത്രമാണെന്നും അവന്റെ കല്‍പനകള്‍ക്ക് വിധേയമായല്ലാതെ ഒരു സൃഷ്ടിയേയും അനുസരിക്കരുതെന്നും മനുഷ്യരെല്ലാം സമന്‍മാരാണെന്നും ഗോത്രമഹിമക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നുമുള്ള നബിയുടെ പ്രബോധനങ്ങള്‍ അദ്ദേഹത്തിന്റെ ജന്‍മനാടായ മക്കയിലെ പ്രമാണിവര്‍ഗത്തെ പ്രകോപിതരാക്കി. എങ്കിലും നിര്‍മലബുദ്ധികളായ ഉന്നതകുലജാതര്‍ക്കുപുറമെ അടിമകളടക്കമുള്ള സമൂഹത്തിലെ അടിത്തട്ടിലുള്ളവരും ധാരാളമായി അദ്ദേഹത്തെ പിന്‍പറ്റിതുടങ്ങി. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തെയും അനുയായികളെയും രാജ്യത്ത് നിന്ന് പുറത്താക്കിയെങ്കിലും മദീനയില്‍ ഒരു രാജ്യം കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ മുമ്പില്‍ ഒടുവിലവര്‍ അടിയറവ് പറഞ്ഞു. 23 കൊല്ലത്തിനിടയില്‍ സ്വന്തം സ്വഭാവവൈശിഷ്ട്യത്താല്‍ ബദ്ധവൈരികളെപ്പോലും അദ്ദേഹം ആത്മമിത്രങ്ങളാക്കുകയും ഒരു ജനതയെ സംസ്‌കാരസമ്പന്നമായ വിപ്ലവശക്തിയായി പരിവര്‍ത്തിപ്പിക്കുയും ചെയ്തു. 63 ാം വയസ്സില്‍ ഈലോകത്തോട് വിടപറയുമ്പോള്‍ താന്‍ നിര്‍വഹിച്ച് വന്ന ദൗത്യം അന്ത്യനാള്‍വരെ തുടരാന്‍ കഴിവുള്ള മഹത്തായ ഒരു സമൂഹത്തെ അദ്ദേഹം വളര്‍ത്തിയെടുത്തിരുന്നു