Sunday, April 28, 2013

facebook

കഥ : മേഘം പറഞ്ഞത്


ഭൂമി വരണ്ടു. തവളകള്‍ വിടവുകളില്‍ കിടന്നു ചത്ത് പോകുന്നു. എല്ലും തോലുമായ മനുഷ്യര്‍ ആ ചെറിയ വിടവുകള്‍ക്ക് മുകളിലൂടെ ജലത്തിനായ്‌ പരക്കം പായുന്നു.

സൂര്യന്‍ മുകളില്‍ കത്തിജ്ജ്വലിച്ചു കൊണ്ടിരിക്കുന്നു. അപ്പോള്‍ അത് വഴി വന്ന ഒരു കാര്‍മേഘം സൂര്യനോട് ചോദിച്ചു: ഇങ്ങിനെ കത്തിജ്ജ്വലിക്കുന്നതെന്തിനാ.... ?ഞങ്ങളുടെ പിന്നാലെ പോയിരുന്നാല്‍ ആ മനുഷ്യര്‍ക്കിത്തിരി ആശ്വാസമെങ്കിലുമാകില്ലേ....? ഞാന്‍ മഴയായ് പെയ്യുകയും ചെയ്യാം....

ഇത് കേട്ട് സൂര്യന്‍ ഒരു ദയയുമില്ലാതെ ഇങ്ങിനെ പ്രതിവചിച്ചു: വേണ്ട... വെള്ളത്തിന്റെ വില അവരറിയണം. എന്റെ കണ്ണാടിയായ പുഴയെ അവര്‍ വറ്റിച്ചു. എന്നോട് പുഞ്ചിരിച്ചും കിന്നാരം പറഞ്ഞും സദാ സമയം എന്നോടൊപ്പം ചെലവഴിച്ച മരങ്ങളെയും മലകളെയും അവരില്ലാതാക്കി....അന്നെന്റെ ആ നല്ല ചങ്ങാതിമാര്‍ എന്നോട് പറഞ്ഞിരുന്നു - ഇവരിതിനനുഭവിക്കുമെന്ന്‍.....അനുഭവിക്കട്ടെ...
കാലാകാലങ്ങളോളം ഇവരും ഇവരുടെ തലമുറകളും ദാഹത്തിന്റെ സുഖമനുഭവിക്കട്ടെ !

ക്രുദ്ധനായ സൂര്യന്‍ ഒരല്‍പ്പം ശാന്തനായപ്പോള്‍ കാര്‍മേഘം പറഞ്ഞു - ഇവരിന്നു വെള്ളത്തിന്റെ മഹത്വം മനസ്സിലാക്കി കഴിഞ്ഞു. കണ്ടില്ലേ.... ആ ടാങ്കര്‍ ലോറിക്ക് പിന്നില്‍ അവര്‍ വെള്ളത്തിനായ് അടിപിടി കൂടുന്നത്. എനിക്കുറപ്പുണ്ട് ഇവറിനി വെള്ളം പാഴാക്കില്ലെന്നു. ഇതും പറഞ്ഞു കാര്‍മേഘം തിമര്‍ത്ത് പെയ്യാന്‍ തുടങ്ങി.

വിണ്ടുകീറിയ മണ്ണിന്‍ വിടവുകളില്‍ നിന്ന് ദാഹജലത്തിനായ് വെപ്രാളപ്പെടുന്ന മാക്രികള്‍ പുറത്തേക്ക് തുള്ളി ചാടി കരയാന്‍ തുടങ്ങി. ഉണങ്ങി കരിഞ്ഞു തുടങ്ങിയ മരച്ചില്ലകള്‍ക്ക് പുനര്‍ജന്മം ലഭിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഗ്രാമമാകെ പച്ചയിലാണ്ട് കഴിഞ്ഞു . സൂര്യന്‍ തന്റെ കണ്ണാടിയും കിന്നാരം പറയാന്‍ കൂട്ടുകാരെയും കിട്ടിയ സന്തോഷത്തിലാണ്. പണ്ട് പെയ്ത കാര്‍മേഘം പിന്നെയും വന്നു.

ടാപ്പ് തുറന്നു വിട്ട് ഓടിപ്പോയ കൊച്ചു കുട്ടികളെ സ്നേഹത്തോടെ തിരിച്ച് വിളിച്ച് ഒരു വൃദ്ധന്‍ ഇങ്ങനെ ഉപദേശിച്ചു - ''മക്കളെ , പാടില്ല, ജലം അമൂല്യമാണ്‌, അത് പാഴാക്കരുത്.''

Wednesday, April 24, 2013

നബിതങ്ങളുടെ ജനനം

സംസം കിണറിന്റെ കാര്യത്തിലൊരു തര്‍ക്കമുണ്ടാവുകയും നാട്ടുപ്രമാണിമാരില്‍ ചിലര്‍ തന്നെ ഉപദ്രവിക്കാന്‍ വരികയും ചെയ്‌തപ്പോള്‍ തന്റെ ഏക പുത്രന്‍ ഹാരിസ്‌ അവരോട്‌ എതിരിടാന്‍ അശക്‌തനാണ്‌ എന്നു തിരിച്ചറിഞ്ഞ അബദുല്‍ മുഥ്വലിബിന്റെ മനസ്സുരുകി. കഅ്ബയുടെ നാഥാ, എനിക്ക്‌ പത്തു ആണ്‍മക്കളുണ്ടായാല്‍ അതില്‍ നിന്നൊരാളെ നിനക്കു ഞാന്‍ ബലിയായി നല്‍കാമെന്നദ്ദേഹം നേര്‍ച്ച നേര്‍ന്നു. ഓര്‍ക്കുക. ഇസ്ലാമിന്റെ മുമ്പുള്ള ഒരു കാലഘട്ടമായിരുന്നു അത്‌. പ്രവാചകതിരുമേനിയുടെ ജനനത്തിന്റെ മുന്‍പ്‌!
ജാഹിലിയാ കാലഘട്ടം (അജ്ഞാന കാലഘട്ടം) എന്നറിയപ്പെട്ടിരുന്ന ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടം. തനിക്കൊരു പെണ്‍കുഞ്ഞു ജനിച്ചാല്‍ ആ കുഞ്ഞിനെ ജീവനോടെ മരുഭൂമിയില്‍ കുഴിച്ചു മൂടുന്നത്‌ അറബികള്‍ അന്തസായിക്കണ്ടിരുന്ന കാലഘട്ടം! ചന്തയില്‍ നിന്നും ലേലം കൊണ്ടുവരുന്ന സ്‌ത്രീ അടിമകളെ ഉടമകള്‍ നിര്‍ബന്ധപൂര്‍വ്വം വേശ്യാവൃത്തിക്ക്‌ വിധേയരാക്കിയിരുന്ന കാലഘട്ടം! തന്റെ പിതാവ്‌ മരണപ്പെടുമ്പോള്‍ തന്റെ മാതാവല്ലാത്ത പിതാവിന്റെ ഭാര്യമാരെ അനന്തര സ്വത്തു പോലെ ഏറ്റെടുത്ത്‌ ഭാര്യമാരാക്കിയിരുന്ന മക്കള്‍ ജീവിച്ചിരുന്ന കാലഘട്ടം! അത്തരം ഒരു കാലഘട്ടത്തിലായിരുന്നു അബ്ദുല്‍ മുഥ്വലിബിന്റെ ഈ നേര്‍ച്ച! കാലചക്ക്രം തിരിയവേ അദ്ദേഹത്തിന്‌ പത്ത്‌ ആണ്‍മക്കള്‍ തികഞ്ഞു. അദ്ദേഹം തന്റെ നേര്‍ച്ച നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്‌തു!
പത്ത്‌ ആണ്‍മക്കളില്‍ നിന്നൊരാളെ നറുക്കെടുത്തപ്പോള്‍ ലഭിച്ചത്‌ അദേഹത്തിന്‌ ഏറ്റവും പ്രിയപ്പെട്ട പുത്രന്‍ അബ്ദുല്ലയുടെ നാമമായിരുന്നു! പക്ഷെ തന്റെ തീരുമാനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച അദ്ദേഹത്തെ പെണ്‍മക്കളും ബന്ധുക്കളും നാട്ടുപ്രമാണിമാരും തടഞ്ഞു. സ്വപുത്രനെ ബലി നല്‍കുന്നതില്‍ നിന്നും രക്ഷ നേടാന്‍ അബ്ദുല്ലയ്ക്കു പകരം പത്ത്‌ ഒട്ടകങ്ങളെ ബലി നല്‍കിയാല്‍ മതി എന്നൊരു അഭിപ്രായം അദ്ദേഹത്തോടാരൊ പറഞ്ഞു. ദൈവഹിതം എന്തെന്നറിയാന്‍ അദ്ദേഹം പത്ത്‌ ഒട്ടകങ്ങളുടെ പേരും അബ്ദുല്ലയുടെ പേരും നറുക്കിട്ടപ്പോള്‍ നറുക്കു വീണത്‌ പിന്നെയും അബ്ദുല്ലയ്ക്കായിരുന്നു. ആളുകള്‍ പിന്നെയും തടസം നിന്നു. പത്ത്‌ ഒട്ടകങ്ങളെ കൂടി അപ്പുറത്തു വച്ചു നറുക്കിട്ടു. നറുക്ക്‌ അബ്ദുല്ലയ്ക്കു തന്നെ. ഒട്ടകങ്ങളുടെ എണ്ണം പിന്നെയും പിന്നെയും കൂട്ടി. അങ്ങിനെ നൂറ്‌ ഒട്ടകങ്ങള്‍ തികഞ്ഞപ്പോള്‍ നറുക്ക്‌ ഒട്ടകങ്ങള്‍ക്കു വീണു. ഈ സംഭവം ഓര്‍ത്തു കൊണ്ട്‌ പില്‍ക്കാലത്ത്‌ പ്രവാചകന്‍ (സ്വ. അ.) ഇങ്ങിനെ പറയുകയുണ്ടായി. ഞാന്‍ രണ്ടു ബലികളുടെ സന്തതിയാകുന്നു. ഒന്നാമത്തെ ബലി അവിടുത്തെ പിതാമഹനായ ഇസ്മാഈലിന്റെ (അ. സ.) ബലി. രണ്ടാമത്തേതു സ്വപിതാവായ അബ്ദുല്ലയുടെ ബലി. 
അബ്ദുല്ലയ്ക്ക്‌ പതിനെട്ടു വയസ്സായപ്പോഴാണ്‌ അദ്ദേഹം വഹബിന്റെ പുത്രി ആമിനയെ വിവാഹം ചെയ്‌തത്‌. മധുവിധുവിന്റെ നാളുകളില്‍ തന്നെ ആമിന ഗര്‍ഭം ധരിക്കുകയും, ഗര്‍ഭം രണ്ടു മാസമായപ്പോഴേക്കും അബ്ദുള്ള ശാമിലേക്ക്‌ (ഇന്നത്തെ സിറിയ) കച്ചവടത്തിനായി പോവുകയും ചെയ്‌തു. ശാമില്‍ നിന്നും തിരിച്ചു മടങ്ങുമ്പോള്‍ യത്‌രിബ്‌ (ഇന്നത്തെ മദീനത്തുല്‍ മുനവ്വറ) എന്ന പട്ടണത്തിലെ തന്റെ അമ്മാവന്റെ വീട്‌ സന്ദര്‍ശിക്കവേ, അവിടെ വച്ച്‌ അസുഖബാധിതനായ അദ്ദേഹം ഒരു മാസം അസുഖമായി കിടക്കുകയും മരണപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ അസുഖവിവരമറിഞ്ഞു മക്കയില്‍ നിന്നും പുറപ്പെട്ടു വന്ന സഹോദരന്‍ അടുത്തെത്തുന്നതിന്റെ മുന്‍പേ അദ്ദേഹം മരണപ്പെട്ടിരുന്നു. 
തനിക്കു ജനിക്കാന്‍ പോകുന്ന പൈതലിനെ അനാഥനാക്കിക്കൊണ്ടൊരു മരണം. അതും വളരെ ചെറിയ പ്രായത്തില്‍ തന്നെ. നൂറു ഒട്ടകങ്ങള്‍ക്കു പകരം പരമകാരുണികനായ അല്ലാഹു ബലിയില്‍ നിന്നും അബ്ദുല്ലയെ രക്ഷിച്ചത്, താന്‍ ചുമന്നു കൊണ്ടിരിക്കുന്ന പ്രവാചകത്വത്തിന്റെ പ്രകാശമടങ്ങിയ ബീജം ആമിനയുടെ ഗര്‍ഭാശയത്തിലേക്കു നിക്ഷേപിക്കുക എന്ന ദൌത്യത്തിനു വേണ്ടി മാത്രമായിരിക്കുമോ? അല്ലാഹു അഅ്‌ലം. അവന്‍ താന്‍ ഉദ്ധ്യേശിച്ചത്‌ ചെയ്യുന്നു!
മക്കയില്‍ പ്രിയഭര്‍ത്താവിനെ കാത്തിരുന്ന ആമിന കേള്‍ക്കുന്നത്‌ പ്രിയതമന്റെ മരണ വാര്‍ത്തയാണ്‌. ആ കാതുകളില്‍ ചൊല്ലുവാനായി എന്തെന്തു കുസൃതികള്‍ ആമിന തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാവണം! ആ തരുണിയുടെ കണ്ണുകള്‍ കര്‍ക്കിടക മാസത്തെ കാര്‍മേഘങ്ങള്‍ പോലെ പെയ്‌ത ദിനമായിരുന്നു അത്‌. പിന്നീടങ്ങോട്ട്‌ വിങ്ങലും വിതുമ്പലുമായി അവര്‍ ദിനങ്ങളെണ്ണിത്തീര്‍ത്തു. തന്റെ ഗര്‍ഭാശയത്തില്‍ വളരുന്ന മുഖമൊന്നു കാണാന്‍ കൊതിച്ച്‌, അവള്‍ കാത്തിരുന്നു. ഓരോരോ സ്വപ്നങ്ങളും ഒരു ഓമനമുഖത്തെ കുറിച്ചു മാത്രമായി. 
അങ്ങിനെ ആ സുദിനമെത്തി. ആനക്കലഹം (ആനകളടങ്ങിയ ഒരു സൈന്യം വിശുദ്ധ കഅ്ബ പൊളിക്കാന്‍ വന്ന സംഭവം) കഴിഞ്ഞിട്ട്‌ അന്‍പതോ അന്‍പത്തി അഞ്ചോ ദിവസങ്ങളെ കഴിഞ്ഞുള്ളൂ. റബിയ്യുല്‍ അവ്വല്‍ മാസം ഒന്‍പതോ അല്ലെങ്കില്‍ പന്ത്രണ്ടോ ആയിരുന്നു അത്‌. തിങ്കളാഴിച്ച ദിവസം. അന്ന്‌ പ്രഭാതത്തോടടുത്ത സമയം, ആമിനാ ബീവി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ പേരാണ്‌ മുഹമ്മദ്‌ മുസ്ഥ്വഫാ (സ്വല്ലല്ലാഹു അലൈഹി വസല്ലം). ആ കുഞ്ഞാണ്‌ തൊഴിലാളിയുടെ നെറ്റിയിലെ വിയര്‍പ്പാറുന്നതിന്റെ മുന്‍പേ അവന്റെ കൂലി കൊടുക്കാന്‍ മുതലാളിമാരോട്‌ കല്‍പ്പിച്ചത്‌. തണ്റ്റെ അയല്‍വാസിയുടെ പട്ടിണിക്കു പരിഹാരം കാണാന്‍ മനുഷ്യരോട്‌ പറഞ്ഞത്‌. ഉള്ളവന്റെ സ്വത്തില്‍ ഇല്ലാത്തവന്‌ അവകാശമുണ്ടെന്ന്‌ വിധിച്ചത്‌. കറുത്തവനും വെളുത്തവനും തമ്മില്‍ , അറബിയും അനറബിയും തമ്മില്‍ നന്‍മ കൊണ്ടല്ലാതെ യാതൊരു വിത്യാസവും ഇല്ല എന്നു പ്രഖ്യാപിച്ചതു. ആ കുഞ്ഞാണ്‌ പില്‍ക്കാലത്ത്‌ നിങ്ങളില്‍ ഒരാള്‍ ചെയ്യുന്ന തെറ്റ്‌, സ്വന്തം ആള്‍ എന്ന നിലയില്‍ നിങ്ങള്‍ ന്യായീകരിക്കുന്നതാണ്‌ വര്‍ഗീയത എന്നു പറഞ്ഞു കൊണ്ട്‌ എന്താണ്‌ വര്‍ഗീയത എന്നു ലോകത്തെ പഠിപ്പിച്ചത്‌. ആ കുഞ്ഞാണ്‌, ഈ ലോകത്ത്‌ ഏറ്റവും അധികം സ്നേഹിക്കപ്പെടുന്ന വ്യക്‌തിത്വം. കാരണം; പരിശുദ്ധനായ അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. ((സകല ലോകങ്ങള്‍ക്കും അനുഗ്രഹമായിട്ടല്ലാതെ, നബിയേ; അങ്ങയെ ഞാന്‍ അയച്ചിട്ടില്ല)) അതെ! ആ കുഞ്ഞാണ്‌ കോടിക്കണക്കിനു വരുന്ന മുസ്ലിമിന്റെ ചങ്കിലെ ചോരയും ജീവന്റെ തുടിപ്പും കണ്ണിന്റെ ദാഹവും. 
ഇസ്ലാമിനു മുന്‍പ്‌ അറബികള്‍ ഒരു ഏകീകൃത കലണ്ടര്‍ സംവിധാനം ഉപയോഗിച്ചിരുന്നില്ല. നാട്ടില്‍ നടക്കുന്ന പ്രധാന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ്‌ അവര്‍ കാര്യങ്ങളെ രേഖപ്പെടുത്തി വച്ചിരുന്നത്‌. അതു കൊണ്ടു തന്നെ പ്രവാചകന്റെ ജന്‍മദിനം ചരിത്രകാരന്‍മാരില്‍ ചില ആശയകുഴപ്പങ്ങള്‍ക്കു കാരണമായി. എങ്കിലും ചരിത്രം അത്‌ രേഖപ്പെടുത്തി വച്ചിരിക്കുന്നു. പ്രവാചകന്റെ ജനനവും ജീവിതവും ഒരു മിഥ്യായോ അനുമാനമോ ഐതീഹ്യമോ അല്ല. പകരം ചരിത്രത്തിന്റെ താളുകളില്‍ വജ്രശോഭയോടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യങ്ങളാകുന്നു. പ്രവാചക വിരോധികള്‍ എത്ര തന്നെ ശ്രമിച്ചാലും, പ്രവാചകന്‍ കൊളുത്തു വച്ച മഹത്തായ ആ പ്രകാശം മാനവചരിത്രത്തിന്റെ മഹാനഭസ്സില്‍ സഹസ്ര സൂര്യശോഭയോടെ പ്രകാശം പരത്തിക്കൊണ്ടേ ഇരിക്കും. അതില്‍ യാതൊരു സംശയവും ഇല്ല. 
പ്രവാചകന്റെ ജന്‍മദിനത്തില്‍ സന്തോഷിക്കുന്നവരും, ആഘോഷിക്കുന്നവരും, ഒരു വികാരവുമില്ലാത്ത ആളുകളും ഇന്ന്‌ ഇസ്ലാമിക ലോകത്തുണ്ട്‌.  നിര്‍ത്താനുമാവില്ല! മുഹമ്മദ്‌ നബി (സ്വ. അ.) തങ്ങളുടെ ജനനദിവസം മാത്രമല്ല പ്രകൃതി ഇങ്ങിനെ അടയാളം കാട്ടിയത്‌. മുന്‍ക്കാല പ്രവാചകന്‍മാരുടെ ജന്‍മസമയങ്ങളിലും പ്രകൃതി അടയാളം കാട്ടിയിട്ടുണ്ട്‌. അത്‌ അല്ലാഹുവിന്റെ തീരുമാനമാണ്‌. അവന്റെ തീരുമാനങ്ങള്‍ അവന്‍ നടപ്പിലാക്കുന്നു. 
കഅ്ബാലയത്തിലെ മുന്നൂറിലധികം വരുന്ന വിഗ്രഹങ്ങള്‍ ഭൂചലനം സംഭവിച്ചാലെന്ന പോലെ മുഖവും കുത്തി വീണുപോയതാണ്‌ പരിശുദ്ധനായ അല്ലാഹുവിന്റെ ഹബീബായ റസൂലിന്റെ ജന്‍മദിനത്തില്‍ സംഭവിച്ച അസാധാരണ സംഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി ഇസ്ലാമിക ചരിത്രകാരന്‍മാര്‍ എഴുതിയിരിക്കുന്നത്‌. ഒരു വിഭാഗം ജനങ്ങള്‍ ആരാധിച്ചിരുന്ന സാവാ തടാകം ആ പ്രഭാതം തെളിഞ്ഞപ്പോഴേക്കും വറ്റി വരണ്ടുപോയതും, പേര്‍ഷ്യയിലെ കിസ്രാ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിനും അതിന്റെ പതിനാലു ഗോപുരങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റിയതും, സാംവാ മരുഭൂമിയിലെ ആരാധിക്കപ്പെട്ടിരുന്ന നീര്‍പ്രവാഹം നിലച്ചതും, അഗ്നിയാരാധകരായിരുന്ന പേര്‍ഷ്യയിലെ മജൂസികള്‍ വര്‍ഷങ്ങളായി അണയാതെ കാത്തു സൂക്ഷിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞു പോയതും, ആ രാത്രി ഹിജാസിന്റെ (ഇന്നത്തെ സൌദി) മണ്ണില്‍ കണ്ണഞ്ചിപ്പിച്ചു കൊണ്ടൊരു പ്രകാശം ആകാശത്തു തെളിഞ്ഞതും അതു കിഴക്കോട്ട്‌ പടര്‍ന്നതുമൊക്കെ, പ്രവാചകന്‍ ജനിച്ച ദിവസം, അല്ല, ആ പ്രഭാതത്തില്‍ സംഭവിച്ച അത്ഭുതങ്ങളാണ്‌. ഇസ്ലാമിക ചരിത്രകാരന്‍മാര്‍ അവ വളരെ വ്യക്‌തമായിട്ടു തന്നെ രേഖപ്പെടുത്തിയിരികുന്നു.
നബിദിനം ഒരു ദിവസത്തിന്റെ ഓര്‍മപ്പെടുത്തലാണ്‌. അതായത്‌ ഇസ്ലാമിന്റെ ഒരു ഓര്‍മപ്പെടുത്തല്‍ . മുസ്ലിം ഹൃദയങ്ങളില്‍ മരണക്കിടക്കയില്‍ കിടന്ന്‌ ഊര്‍ദ്ധ്വാന്‍ വലിക്കുന്ന പ്രവാചക സ്നേഹത്തിന്‌ ലഭിക്കുന്ന ഒരു തുള്ളി ദാഹജലം! അതു ചിലപ്പോള്‍ ആ ഹൃദയത്തെ നനവാര്‍ന്നതാക്കി മാറ്റിയേക്കാം. അതാണ്‌ ആ ദിവസത്തിന്റെ പ്രത്യേകത. അതു കൊണ്ടു തന്നെ ആ ദിവസത്തിന്‌ പ്രത്യേകതയും ഉണ്ട്‌. ആ ദിവസത്തെ, ആ ഓര്‍മയെ നാം അംഗീകരിക്കേണ്ടതുണ്ട്‌, ബഹുമാനിക്കേണ്ടതുണ്ട്‌. എങ്ങിനെ എന്നു ചോദിച്ചാല്‍ പ്രവാചക തിരുമേനിയുടെ നേരനുചരന്‍മാര്‍ അതെങ്ങിനെ അംഗീകരിച്ചുവോ അങ്ങിനെ. എങ്ങിനെ ബഹുമാനിച്ചുവോ അങ്ങിനെ. അതാണ്‌ ഇസ്ലാമിന്റെ രീതി. ആ രീതികളെ പുറം ചുമലിലൂടെ വലിച്ചെറിഞ്ഞ്‌ പുതിയ രീതികള്‍ തേടിപ്പിടിക്കുമ്പോള്‍ അവ അനിസ്ലാമികമായ രീതികളാകുന്നു. 
തിങ്കളായിച്ച ദിവസത്തെ നോമ്പ്‌ പ്രവാചകചര്യയില്‍ പെട്ടതാണ്‌. ആ നോമ്പിനെ കുറിച്ച്‌ അവിടുത്തോടു ചോദിക്കപ്പെട്ടപ്പോള്‍ തന്റെ അനുചരന്‍മാരോട്‌ റസൂല്‍ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞത്‌; അന്നു ഞാന്‍ ജനിച്ച ദിവസമാകുന്നു, അന്നു തന്നെയാണ്‌ എനിക്ക്‌ സന്ദേശം നല്‍കപ്പെട്ടതും എന്നാണ്‌. ഓര്‍ക്കുക; പ്രവാചകന്‍ പറഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒന്നാണ്‌ ലൈലത്തുല്‍ ഖദര്‍. റമദാനിലെ ഒരു രാത്രി. ആയിരം മാസത്തെക്കാള്‍ ശ്രേഷ്ടതയുണ്ടെന്ന്‌ പരിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ച ഈ ദിവസം തന്നെയാണ്‌ ഹിറാ ഗുഹയില്‍ പരിശുദ്ധ ഖുര്‍ആനിന്റെ പൊന്നൊളിയുമായി ജിബ്‌രീല്‍ (അ. സ.) എന്ന മലാഖ പ്രവാചകന്റെ അടുത്തു വന്നു കൊണ്ട്‌, വായിക്കുക. നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക എന്നു വിളംബരം ചെയ്‌തത്‌! ആ ദിവസത്തിന്റെ കൂടെയാണ്‌ പ്രവാചകന്‍ അന്നു താന്‍ ജനിച്ച ദിവസമാണ്‌ എന്നു കൂടി പറഞ്ഞത്‌. അത്‌ ആ ദിവസം ഇസ്ലാമിക ലോകത്തിന്‌ വിലപ്പെട്ടതാണ്‌ എന്നൊരോര്‍മപ്പെടുത്തല്‍ കൂടിയാണ്‌. അന്നേ ദിവസം പ്രവാചകന്‍ നോമ്പെടുത്തു. അതാഘോഷമായിരുന്നില്ല. മറിച്ചു അതല്ലാഹുവിലേക്കുള്ള ഒരു നന്ദിപ്രകാശനമായിരുന്നു. സകല ലോകങ്ങള്‍ക്കും കാരുണ്യമായി ഈ ഭൂമിയില്‍ നബിതിരുമേനി ജനിച്ചതിന്റെ ആ നന്ദി ഓരോ മുസ്ലിമിന്റെ നെഞ്ചിലും ഉണ്ടായിരിക്കണം. അതിനച്ചടക്കം വേണം. ഇസ്ലാമികമായ ഒരു അച്ചടക്കം. ഇന്ന്‌ മുസ്ളിം ലോകത്തിന്‌ ഏറെക്കുറെ നഷ്ടപ്പെട്ടു കഴിഞ്ഞ ആ അച്ചടക്കം!
നാം ഇന്നു കാണുന്ന രീതിയില്‍ ഉള്ള നബിദിനാഘോഷങ്ങള്‍ക്ക്‌ ഈജിപ്‌തില്‍ നിന്നുമാണ്‌ തുടക്കമെന്നതൊരു ചരിത്ര വസ്‌തുതയാണ്‌. ഈജിപ്‌തില്‍ ഫാഥ്വിമീ ഭരണാധികാരികളാണ്‌ റബ്ബിയുല്‍ അവ്വല്‍ മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ നബിദിനാഘോഷം എന്നെ രീതിയില്‍ ആഘോഷിക്കാനാരംഭിച്ചത്‌. അന്ന്‌ രണ്ടു ഹറമുകളുടെ (മക്കയിലേയും മദീനയിലേയും ഹറം പള്ളികള്‍) മേലും അവര്‍ക്കായിരുന്നു ആധിപത്യം. അതു കൊണ്ടു തന്നെ മക്കയിലും മദീനയിലുമൊക്കെ ഈ ആഘോഷത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. അക്കാലങ്ങളില്‍ ഹജ്ജിനും ഉംറക്കും വേണ്ടി മക്കയിലും മദീനയിലും വന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മുസ്ലിമീങ്ങള്‍ ഇത്‌ മതപരമായ ഒരു ആചാരമാണ്‌ എന്ന നിലയില്‍ തന്നെ സ്വീകരിച്ച്‌ തന്താങ്കളുടെ നാടുകളിലും പ്രചരിപ്പിച്ചു. പോകെ പോകെ അത്‌ മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തിന്റെ ഒരു ഭാഗമെന്ന പോലെ കടന്നു കൂടുകയും ചെയ്‌തു. പുതുതായി കടന്നു വരുന്ന എന്തു കാര്യത്തിന്റെ കൂടെയും കുറെ അനാചാരങ്ങള്‍ കൂടി അനുഗമിക്കും എന്നുള്ള പ്രകൃതിതത്വം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ഇനി നബിദിനം എന്ന വിശാലമായ തെളിനീരുള്ള ഈ ജലാശയത്തില്‍ നിന്നും അശുദ്ധപായലുകളെ നീക്കി പ്രവാചക സ്നേഹത്തിന്റെ തെളിനീര്‍ ജനങ്ങളിലേക്കെത്തിക്കേണ്ട ചുമതല, സത്യത്തില്‍ നബിദിനം കൊണ്ടാടുന്നവരുടെ നേതാക്കന്‍മാരുടെ കടമയാണ്‌. കടമകള്‍ മറന്നു പോയ മതനേതാക്കാന്‍മാരാണ്‌ ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശാപവും. 
അല്ലാഹുവേ നീ ഞങ്ങളുടെ ഹൃദയങ്ങളേയും പാദങ്ങളേയും നിന്റെ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ. (ആമീന്‍)
സകല ലോകര്‍ക്കും നന്‍മയും സമാധാനവും നേരുന്നു.

ചുവന്ന നുറു പെണ്‍ ഒട്ടകങ്ങള്‍

ക്കയുടെ കരളിന്റെ കഷ്ണങ്ങളായ ഖുറൈഷി ചെറുപ്പക്കാരേ..
അംറുബ്നു ആസിന്റെ ശബ്ദം മക്കയിലെ മലയിടുക്കുകളില്‍ തട്ടി പ്രതിധ്വനിക്കവെ, അയാള്‍ തന്റെ മുമ്പിലെ ചെറുപ്പക്കാരെ നോക്കി. അബൂസുഫ്‌യാനും, ഉത്ബതും ശൈബത്തുമൊക്കെ അവിടെയുണ്ടായിരുന്നു. അബൂജഹല്‍ തുടര്‍ന്നു.
നാം ഈ മണ്ണില്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഐക്ക്യത്തോടെയും ജീവിച്ചുപോന്നു. നാം ആരാധിച്ചു വരുന്ന ഈ ദൈവങ്ങള്‍ നമ്മുടെ പൂര്‍വികരുടേയും ദൈവങ്ങളായിരുന്നു. നമുക്ക്‌ പാരമ്പര്യമായി കിട്ടിയ സമ്പ്രദായങ്ങളും ആചാരങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ടായിരുന്നു. ഏതൊരു സദസ്സിലും നാം ആദരിക്കപ്പെട്ടിരുന്നു. നാം അറേബ്യയിലെ ഉന്നതരും ശക്‌തരുമായിരുന്നു. എന്നാല്‍ ; നമ്മുടെ കൂടെ ജീവിച്ച്‌, നമ്മുടെ പ്രീതി പിടിച്ചു പറ്റിയ ഒരാള്‍ , മുഹമ്മദെന്ന ഭ്രാന്തനായ മാരണക്കാരന്‍ , ഇന്നിതാ നമുക്കിടയില്‍ വമ്പിച്ച കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ നമ്മള്‍ കാണാത്ത മതിലുകള്‍ അവന്‍ പണിഞ്ഞിരിക്കുന്നു. മാതാപിതാക്കളേയും സന്താനങ്ങളേയും അവന്‍ തമ്മിലകറ്റുന്നു. 
വന്യമായ കണ്ണുകളോടെ തന്റെ വാക്കുകള്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ആ ജനക്കൂട്ടത്തെ സൂക്ഷിച്ചു നോക്കി അവന്‍ സംസാരത്തിന്‌ ഒരിടവേള കൊടുത്തു. പിന്നെ തുടര്‍ന്നു. 
ഹേ വീരയോദ്ധാക്കളേ; മുന്തിയ ഒട്ടകങ്ങളില്‍ നിന്നും ഏറ്റവും മുന്തിയ നൂറൊട്ടകങ്ങള്‍ ! ചുവന്ന നുറു പെണ്‍ ഒട്ടകങ്ങള്‍ ! മുഹമ്മദിന്റെ തലയെടുക്കുന്നത് ആരാണോ; ആ ഒട്ടകങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. ഈ മനുഷ്യസഞ്ചയവും, ഈ പൌരപ്രമുഖരും, പിന്നെയീ കഅ്ബാലയത്തിലെ ഇരിക്കുന്നതും നില്‍ക്കുന്നതുമായ ദൈവങ്ങളും സാക്ഷി!
കൂടി നിന്ന ആളുകള്‍ക്കിടയില്‍ നിന്നും പിറുപിറുക്കലുയര്‍ന്നു. സംഗതി കൊള്ളാം. നൂറ്‌ ഒട്ടകങ്ങള്‍ . അതും ഗോപുരം പോലെ പൂഞ്ഞ പൊങ്ങിയ ചുവന്ന ഒട്ടകങ്ങള്‍ . താഴ്‌വരയുടെ നേതാവിന്റെ പ്രഖ്യാപനം ആരെയും പ്രലോഭിപ്പിക്കുന്നതാണ്‌. പക്ഷെ പകരം വേണ്ടതോ? അത്‌ മുഹമ്മദിന്റെ തലയാണ്‌. മുഹമ്മദിന്റെ തല!
മുഹമ്മദ്‌ ഒരു പോരാളിയല്ല. യുദ്ധത്തില്‍ പങ്കെടുത്ത്‌ പ്രാവീണ്യം തെളിയിച്ചവനല്ല. കംബോളത്തില്‍ നടക്കാറുള്ള കലഹങ്ങളില്‍ പങ്കെടുത്തു എതിരാളിയെ ഒറ്റയടിക്ക്‌ കൊല്ലുന്നവനുമല്ല. പക്ഷെ മുഹമ്മദിന്റെ കുടുംബം!? അബ്ദു മനാഫിന്റെ കുടുംബമാണ്! അവരുടെ പ്രതികാര നടപടി കടുത്തതായിരുക്കും. മഹാശൂരന്‍മാരായ പോരാളികളുണ്ടവര്‍ക്കിടയില്‍ . അവരില്‍ അധിക പേരും മുഹമ്മദിന്റെ മതത്തില്‍ വിശ്വസിച്ചവരല്ലെങ്കിലും, നാട്ടുനടപ്പനുസരിച്ചുള്ള പ്രതികാരത്തിനവര്‍ തയ്യാറാവും. 
എല്ലാമോര്‍ത്ത്‌ ആ കര്‍മമേറ്റെടുക്കാനുള്ള ധൈര്യമില്ലാതെ ആളുകള്‍ നില്‍ക്കവേ, പുരുഷാരത്തിന്റെ അങ്ങേ അറ്റത്ത്‌ നിന്നും ഒരു ശബ്ദമുയര്‍ന്നു. 
അബുള്‍ ഹക്കം! മുഹമ്മദിന്റെ തലക്കു പകരം, നീ പറഞ്ഞ പോലെ മുന്തിയതില്‍ മുന്തിയ നൂറ്‌ ഒട്ടകങ്ങളെ നല്‍കാമെങ്കില്‍ , ഞാനതിനു തയ്യാറാണ്‌. പക്ഷെ, നീ വാക്കു പാലിച്ചില്ലെങ്കില്‍ നിന്റെ മരണം എന്റെ കൈകൊണ്ടായിരിക്കും. ദാ ഈ വാളു കൊണ്ട്‌ നിന്റെ പിരടി ഞാന്‍ വെട്ടും. 
ആളുകളെല്ലാവരും തിരിഞ്ഞു നോക്കി. അവിടെ ഉയര്‍ത്തിപ്പിടിച്ച തന്റെ വാളുമായി നില്‍ക്കുന്നു; ഖഥ്വാബിന്റെ പുത്രന്‍ ഉമര്‍. എണ്ണം പറഞ്ഞ പോരാളി. ആ കണ്ണുകളില്‍ ശൌര്യം തീക്കണല്‍ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. 
ഉമറിന്റെ വാക്കുകള്‍ കേട്ട ഒരൊറ്റ മനുഷ്യനും സംശയിച്ചു പോയില്ല, ഉമറില്‍ നിന്നും മുഹമ്മദിന്‌ വല്ല രക്ഷയുമുണ്ടെന്ന്‌. മുഹമ്മദ്‌ എത്ര വലിയ മാരണവും കാട്ടട്ടെ. അവനാകാശത്തു നിന്നും തീമഴ പെയ്യിക്കട്ടെ. ഭൂമി പിളര്‍ത്തി ഇതു വരെ ഒരു കണ്ണുകളും ദര്‍ശിക്കാത്ത ഭീകര സത്വങ്ങളെ കൊണ്ടു വരട്ടെ. എന്നാലും ഉമര്‍ ജയിക്കും. ഉമര്‍ ജയിക്കുക തന്നെ ചെയ്യും. ഖുറൈഷികള്‍ക്കതില്‍ യാതൊരു സംശയവും ഇല്ല. 
അബൂജാഹില്‍ ഓടിച്ചെന്ന്‌ ഉമറിന്റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു. 
ഓ ധീരനായ പിതാവിന്റെ ധീരനായ പുത്രാ! നിന്റെ വാളിന്റെ മൂര്‍ച്ച കൂട്ടാനായി നീയെന്റെ പിരടിയില്‍ രാകുക. എന്നാലും നീ മുഹമ്മദിനെ വധിക്കുമെങ്കില്‍ അതാണെനിക്ക്‌ സന്തോഷം. 
തന്റെ കാണാതായ കുഞ്ഞിനെ തിരഞ്ഞു നടക്കുന്ന സിംഹണിയെ പോലെ ഉമര്‍ മക്കയുടെ മുക്കും മൂലയും മുഹമ്മദിനെ തിരഞ്ഞു നടക്കുകയാണ്‌. മുഹമ്മദിനെ പിടിക്കണം. ആ നെഞ്ചില്‍ ചവിട്ടി വീഴ്ത്തണം. കമഴ്ത്തിക്കിടത്തി ആ പിരടിയില്‍ വെട്ടി തല അറുത്തെടുക്കണം. അത്‌ നൂറ്‌ ഒട്ടകങ്ങളുടെ കാര്യം മാത്രമല്ല. അറേബ്യയുടെ, മക്കയുടെ, ഖുറൈഷികളുടെ ഐക്ക്യമാണ്‌ മുഹമ്മദ്‌ തകര്‍ത്തത്‌. കാലങ്ങളായി കൊണ്ടാടുന്ന ആചാരങ്ങളെയാണ്‌ അവന്‍ പുച്ഛിച്ചു തള്ളിയത്‌. പാരമ്പര്യമായി കിട്ടിയ ദൈവങ്ങളെയാണ്‌ അവന്‍ നിഷേധിച്ചത്‌. നൂറ്റാണ്ടുകളുടെ വളര്‍ച്ചയുള്ള സംസ്ക്കാരത്തിന്റെ നേരെയാണ്‌ വിരല്‍ ചൂണ്ടിയത്‌. ഇല്ല. മുഹമ്മദ്‌ ഇനി ജീവിച്ചിരിക്കാന്‍ പാടില്ല. ഉമറിന്റെ തീരുമാനം ഉറച്ചതായിരുന്നു. 
മലഞ്ചെരുവില്‍ വച്ചാണ്‌ ഉമര്‍ നുഐമിനെ കണ്ടത്‌. ക്രൌര്യം തിളങ്ങുന്ന മുഖവുമായി, ഊരിപ്പിടിച്ച വാളുമായി വരുന്ന ഉമറിനെ കണ്ട്‌ നുഐമൊന്ന്‌ അന്തം വിട്ടു. അവരാകട്ടെ ബാല്യകാലം മുതല്‍ ചങ്ങാതിമാരും. കണ്ടപാടെ നുഐമിനോട്‌ ഉമര്‍ ചോദിച്ചു.
നുഐം, നീയാ മുഹമ്മദിനെ കണ്ടോ? ഇന്നവന്റെ അവസാനമാണ്‌... 
മുഹമ്മദിനെ കൊല്ലാനോ, നീയോ? അല്ലാഹു സത്യം, നിന്നെയാരോ പറഞ്ഞു പറ്റിച്ചിരിക്കുന്നു. മുഹമ്മദിനെ കൊന്നാല്‍ അബ്ദു മനാഫിന്റെ കുടുംബം നിന്നെ വെറുതെ വിടുമോ? നുഐം ചോദിച്ചു.
അബ്ദു മനാഫിന്റെ കുടുംബത്തിന്‌ ഉമറിന്റെ ഒരു രോമമെങ്കിലും പറിക്കാനാവുമെന്ന്‌ നീ കരുതുന്നുണ്ടോ? അല്ലാഹു സത്യം, ഉമറങ്ങിനെ ചിന്തിക്കുന്നു പോലുമില്ല. ഇല്ല.. ഇനി എന്റെ തീരുമാനത്തില്‍ നിന്നെന്നെ പിന്തിരിപ്പിക്കാന്‍ ഒന്നിനുമാവില്ല. ഒന്നിനും. !
പുചഛത്തോടെ ഉമര്‍ അങ്ങിനെ പറഞ്ഞപ്പോള്‍ നുഐം മുഖത്തടിച്ച പോലെ പറഞ്ഞു. 
ഖഥ്വാബിന്റെ പുത്രന്‍ മുഹമ്മദിനെ കൊല്ലാന്‍ നടക്കുന്നു. ഖഥ്വാബിന്റെ കുടുംബത്തിലുള്ളവരാവട്ടെ മുഹമ്മദിന്റെ മതത്തില്‍ വിശ്വസിക്കുന്നു. എന്തൊരു വിരോധാഭാസം! നിനക്കു ലജ്ജയില്ലെ ഉമര്‍ ? നിന്റെ കുടുംബത്തിനെ അടക്കി നിര്‍ത്താതെ മുഹമ്മദിനെ തിരഞ്ഞു നടക്കാന്‍ ?
ഉമറിന്റെ കണ്ണുകളില്‍ നിന്നും രക്‌തത്തുള്ളികളിറ്റു വീഴുമെന്ന പോല്‍ , ആ മിഴികള്‍ ചുവന്നു. തന്റെ കളിക്കൂട്ടുക്കാരന്റെ ഉടുപ്പില്‍ പിടിച്ച്‌ തന്നിലേക്ക്‌ വലിച്ചടുപ്പിച്ച്‌ ഉമര്‍ ചോദിച്ചു. 
നുഐം, നീയെന്താണ്‌ പറഞ്ഞതെന്നും, ആരോടാണ്‌ പറഞ്ഞതെന്നുമറിയുമോ?
നുഐം ഒരല്‍പ്പം ഭയക്കാതിരുന്നില്ല. ഉമര്‍ തന്നെ കൊന്നു കളഞ്ഞാല്‍ ഉമറിനോടതു ചോദിക്കാന്‍ മക്കയിലാര്‍ക്കും ധൈര്യമുണ്ടാവില്ല. എങ്കിലും നുഐം പറഞ്ഞു. 
ഖഥ്വാബിന്റെ പുത്രാ, എനിക്കത്‌ ശരിക്കുമറിയാം. ഞാന്‍ പറഞ്ഞത്‌ നിന്റെ സഹോദരി ഫാഥ്വിമയെ കുറിച്ചാണ്‌. അവളും ഭര്‍ത്താവും മുഹമ്മദിന്റെ മതം സ്വീകരിച്ചത്‌ നീയറിഞ്ഞില്ലെന്നോ? അതോ നീ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്നോ?
ഉമര്‍ നുഐമിനെ വിട്ടു. ഉള്ളിലെ നിരാശ കാരണം തല വെട്ടിച്ച്‌ കൊണ്ടു ഉമര്‍ തന്നത്താന്‍ പറഞ്ഞു. 
ഉമറിന്റെ ഉമ്മക്ക്‌ നാശം. ഈ അപമാനം ഖഥ്വാബിന്റെ കുടുംബത്തിലെ പുരുഷന്‍മാരെങ്ങിനെ താങ്ങും? ഭൂമിയേ, നീ പിളരുകയും എന്നെ വിഴുങ്ങുകയും ചെയ്‌തിരുന്നെങ്കില്‍ ! ആകാശമേ, നീയടര്‍ന്ന്‌ ഉമറിന്റെ തലയിലേക്ക്‌ വീഴുക! മരുഭൂമിയിലെ മണ്ണു തിന്ന്‌ ജീവിക്കലായിരുന്നല്ലോ ഉമറിന്‌ ഇതിനെക്കാള്‍ ഭേദം. 
അമറുന്ന പോലെ ഉമര്‍ നുഐമിനോട്‌ പറഞ്ഞു. 
നീ നോക്കിക്കൊ. നീ പറഞ്ഞത്‌ സത്യമാണെങ്കില്‍ ഫാഥ്വിമയുടേയും അവളുടെ ഭര്‍ത്താവിന്റെയും കഥ കഴിച്ചിട്ടെ ഉമര്‍ മുഹമ്മദിന്റെ തലയെടുക്കൂ. മറിച്ചാണെങ്കില്‍ നിന്റെ കഥ കഴിച്ചിട്ടേ ഉമറ്‌ മുഹമ്മദിനെ തേടുകയുള്ളൂ. 
കലി തുള്ളി സ്വന്തം സഹോദരിയുടെ ഭവനം ലക്ഷ്യമാക്കി പോകുന്ന ഉമറിനെ നോക്കി നില്‍ക്കേ നുഐം അഗാധമായ വ്യസനത്തിലാണ്ടു. മുഹമ്മദിനെ ഉമറിന്റെ കയ്യില്‍ നിന്നും രക്ഷിക്കുക എന്നൊരു ലക്ഷ്യമേ ഫാഥ്വിമയുടെ ഇസ്ലാം സ്വീകരണം ഉമറിനോട്‌ പറയുന്നതിലൂടെ നുഐമിന്‌ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. എന്നാലിതാ ഇന്നു താന്‍ കാരണം ഫാഥ്വിമയും ഭര്‍ത്താവും അപകടത്തിലാവുന്നു. അവരും തന്നെ പോലെ രഹസ്യമായി ഇസ്ലാം സ്വീകരിച്ചവരാണ്‌. ഖുറൈഷികളില്‍ നിന്നുണ്ടായേക്കാവുന്ന കൊടിയ മര്‍ദ്ധനങ്ങള്‍ ഭയന്ന്‌ തങ്ങളെ പോലെ പലരും ഇസ്ലാമികാശ്ലേഷണം രഹസ്യമാക്കി വച്ചിരിക്കുകയാണ്‌. ഇനിയെന്തൊക്കെ നടക്കും? ആരുണ്ട്‌ ഉമറിനെ തടുക്കാന്‍? പ്രവാചകന്റെ അടുത്തേക്കാണ്‌ ഉമര്‍ പോയിരുന്നതെങ്കില്‍ അവിടെ ഹംസയെങ്കിലുമുണ്ടാവുമായിരുന്നു. ഇപ്പോഴിതാ ഫാഥ്വിമയും ഉമറിന്റെ മുമ്പില്‍ ദുര്‍ബലനായ അവളുടെ ഭര്‍ത്താവും. ഹാ, കഷ്ടം.
ഫാഥ്വിമയും ഭര്‍ത്താവ്‌ സഈദും കൂട്ടുകാരന്‍ ഖബ്ബാബും കൂടി പ്രവാചകന്‌ പുതുതായി അവതീര്‍ണമായ ഖുര്‍ആന്‍ വചനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ്‌. പരമ രഹസ്യമായ ഒരു കൂടിക്കാഴ്ച്ചയാണ്‌ അത്‌. പുറം ലോകമറിഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും. എങ്കിലും തങ്ങള്‍ക്ക്‌ വന്നെത്തിച്ചേര്‍ന്ന സത്യപാശത്തെ അവര്‍ മുറുകെ പിടിക്കാന്‍ തയ്യാറാണ്‌. ഈ ഇരുട്ടിന്റെ ഗഹ്വരത്തില്‍ നിന്നും ജനങ്ങളൊരിക്കല്‍ സത്യത്തിന്റെ തെളിനീര്‍ തടത്തിലേക്കിറങ്ങി വരുമെന്നവര്‍ വിശ്വസിക്കുന്നു. മാലിന്യത്തില്‍ നിന്നും പറന്നു വരുന്നൊരു ഈച്ച തന്നില്‍ വന്നിരിക്കുന്നത്‌ തടയാന്‍ പോലുമാവാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍ നിന്നും, ഈ ജനങ്ങള്‍ സൃഷ്ടിയും സ്ഥിതിയും നീതിയും കയ്യാളുന്ന ഏകനായ ദൈവത്തെ ആരാധിക്കുന്നതിലേക്കെത്തിച്ചേരുമെന്നവര്‍ വിശ്വസിക്കുന്നു. 
എന്തോ ഒരു ശബ്ദം കേട്ട്‌ ജാലകത്തിലൂടെ പുറത്തേക്കെത്തിയപ്പോള്‍ ഖബ്ബാബ്‌ കണ്ടത്‌ ഊരിപ്പിടിച്ച വാളുമായി വരുന്ന ഉമറിനെയാണ്‌. ഖബ്ബാബിന്റെ സര്‍വാംഗങ്ങളും വിറച്ചുപോയി. ആ വരവു കണ്ടാലറിയാം ഉമറെല്ലാം അറിഞ്ഞിട്ടുള്ള വരവാണെന്ന്‌. ഉമറിന്റെ സ്വഭാവമനുസരിച്ച്‌ ചിലപ്പോള്‍ ചോദിക്കലും പറയലുമൊന്നും ഉണ്ടായി എന്നു വരില്ല. കണ്ടാല്‍ കാണുന്ന മാത്രയില്‍ ഉമര്‍ പണി തീര്‍ക്കും. ഖബ്ബാബ്‌ പരക്കം പാഞ്ഞു. തനിക്ക്‌ കിട്ടിയ ഒരു പഴുതില്‍ ഖബ്ബാബ്‌ ഒളിക്കുകയും ചെയ്‌തു. അപ്പോഴേക്കും വാതിലില്‍ മുട്ടു കേട്ടു തുടങ്ങി. കൂടെ വാതില്‍ തുറക്കാനുള്ള ഉമറിന്റെ കല്‍പനയും. 
ഫാഥ്വിമ ഖബ്ബാബ്‌ കൊണ്ടുവന്ന തോല്‍ക്കഷ്ണം ചുരുട്ടിപ്പിടിച്ച്‌ തന്റെ വസ്‌ത്രത്തിനുള്ളിലൊളിപ്പിച്ചു. അതിലാണ്‌ ഖുര്‍ആനിന്റെ വചനങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്‌. അത്‌ പ്രവാചകന്റെ കല്‍പനയാണ്‌. ആ എഴുതിയത്‌ ഉമര്‍ കണ്ടു പ്രശ്ണമുണ്ടാക്കണ്ട എന്നു കരുതിയാണ്‌ അവരങ്ങിനെ ചെയ്‌തത്‌. 
സഈദ്‌ ചെന്ന്‌ വാതില്‍ തുറന്നു. ഉള്ളിലെ ഭയം മറച്ചു വച്ച്‌ കോപിഷ്ഠനായി നില്‍ക്കുന്ന ഭാര്യാസഹോദരനെ തന്റെ ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്‌തു. വലിഞ്ഞു മുറുകിയ മുഖവുമായി അകത്തു കയറിയ പാടെ സഈദിനോട്‌ ഉമറിന്റെ വക ചോദ്യം. 
ഞാനിങ്ങോട്ടു വരുമ്പോള്‍ ചില അവ്യക്‌ത സൂക്‌തങ്ങള്‍ കേട്ടല്ലോ? എന്തായിരുന്നു അത്‌?
പടച്ചവനേ, ഉമര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ കേട്ടിരിക്കുന്നു. 
ഹേയ്‌.. ഞങ്ങളിങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു. 
അല്ല, നീ കളവ്‌ പറയുന്നു, മക്കയിലെ മാരണക്കാരന്‍ മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നുവോ നീ? പാരമ്പര്യമായി കിട്ടിയ നമ്മുടെ ദൈവങ്ങളെ നീ തള്ളിപ്പറഞ്ഞോ? എന്റെ സഹോദരിയെ നീയതിന്‌ പ്രേരിപ്പിച്ചോ?
സഈദ്‌ സ്‌തബ്ധനായി നിന്നു. ഉമര്‍ അറിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഇത്രയും കാലം രഹസ്യമാക്കി വച്ചത്‌ പരസ്യമായിരിക്കുന്നു. ഇനിയങ്ങോട്ട്‌ ഓര്‍ത്താല്‍ പോലും ഭയപ്പെടുന്ന വിധത്തിലുള്ള പീഢനങ്ങളേറ്റു വാങ്ങാം. അതും ഉമര്‍ ഞങ്ങളെ ജീവനോടെ വിട്ടാല്‍ . ശബ്ദം കുറച്ച്‌, ഉറച്ച വാക്കുകളോടെ സഈദ്‌ പറഞ്ഞു. 
അതെ ഉമര്‍ , ഞങ്ങള്‍ മുഹമ്മദില്‍ വിശ്വസിച്ചിരിക്കുന്നു. എകനായ അല്ലാഹുവില്‍ ഞങ്ങള്‍ അഭയം തേടിയിരിക്കുന്നു. അവനല്ലാതെ ഒരാരാധ്യനില്ലെന്നും മുഹമ്മദ്‌ അവന്റെ പ്രവാചകനാണെന്നും ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. 
നശിച്ചവനെ, ഖഥ്വാബിന്റെ കുടുംബത്തിലോ നിന്റെ ധിക്കാരം? 
ഉമര്‍ സഈദിനെ തലങ്ങും വിലങ്ങും തല്ലാന്‍ തുടങ്ങി. ഭര്‍ത്താവിനെ ഉമര്‍ മര്‍ദ്ധിക്കുന്നത്‌ കണ്ടപ്പോള്‍ ഫാഥ്വിമ ഓടിവന്നു. ഉമറിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിന്നിടയില്‍ ഫാഥ്വിമക്കും കിട്ടി ഉമറിന്റെ വക തല്ല്‌. ഉമറിന്റെ തല്ലു കൊണ്ട്‌ ഫാഥ്വിമ മുഖം കുത്തി വീണു. അവിടെ നിന്നും രക്‌തമൊലിക്കുന്ന മുഖത്തോടെ എഴുന്നേറ്റ്‌ തന്റെ ഭര്‍ത്താവിന്റെയും സഹോദരന്റെയും ഇടയില്‍ നിന്നു കൊണ്ട്‌ ഫാഥ്വിമ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. 
ഉമര്‍ , ദേഷ്യം നിന്നെ അന്ധനാക്കിയിരിക്കുന്നു. നീയെന്തു പറഞ്ഞാലും, നീയെന്തു ചെയ്‌താലും ഞങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. മുഹമ്മദിനെ പ്രവാചകനായി അംഗീകരിച്ചിരിക്കുന്നു. നിനക്കു ഞങ്ങളെ കൊല്ലണമെങ്കില്‍ കൊല്ലാം. പക്ഷെ ഞങ്ങളൊരിക്കലും പിന്തിരിയില്ല തന്നെ. 
ആ വാക്കുകള്‍ ഉമറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. ആ നിശ്ചയദാര്‍ഢ്യം ഉമറിനെ അമ്പരപ്പിച്ചു. അവന്‍ തന്റെ സഹോദരിയുടെ മുഖത്തേക്ക്‌ നോക്കി. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്‌തം വരുന്നു. കവിള്‍ മുറിഞ്ഞിരിക്കുന്നു. മുഖത്തു നിന്നും രക്‌തം അവരുടെ മാറിടത്തിലേക്ക്‌ ചാലിട്ടൊഴുകുന്നു. സ്വന്തം സഹോദരിയെ ആ വിധം കാണേണ്ടി വന്നപ്പോള്‍ ഉമര്‍ വ്യസനിച്ചു. സഹോദര സ്നേഹം ഉമറിന്റെ സിരകളെ തണുപ്പിച്ചു കളഞ്ഞു. ഉമര്‍ ശാന്തനായി. കുറേ നേരം ഒന്നും മിണ്ടാതെ അവരെയും നോക്കി നിന്നു. പിന്നെ ചോദിച്ചു. 
നിങ്ങള്‍ എന്തായിരുന്നു പാരായണം ചെയ്‌തു കൊണ്ടിരുന്നത്‌? എനിക്കതൊണ്‌ കാണണം. 
ഉമറിന്റെ പെട്ടെന്നുള്ള ആ മാറ്റം ഫാഥ്വിമക്ക്‌ വിശ്വാസമായില്ല. അതു കൊണ്ടു തന്നെ അവര്‍ പറഞ്ഞു. 
ഇല്ല ഉമര്‍ . ഇതിപ്പോള്‍ നിനക്ക്‌ തരില്ല. നീ ക്ഷുഭിതനാണ്‌. നിനക്കിപ്പോള്‍ ശുദ്ധതയില്ല. നീയൊരു കാര്യം ചെയ്യ്‌, കുളിച്ചിട്ട്‌ വരൂ. നിനക്കപ്പോള്‍ തരാം. 
ഉമര്‍ ഒന്നും പറയാതെ കുളിക്കാന്‍ പോയി. വെള്ളം തലയിലൂടെ കോരിയൊഴിച്ച്‌ തല തണുക്കുവോളം ഉമര്‍ കുളിച്ചു. ഈറനോടെ തിരിച്ച്‌ വന്ന്‌ സഹോദരിയുടെ നേരെ കൈ നീട്ടി. 
അതെനിക്ക്‌ തരൂ, ഞാനതൊന്ന്‌ വായിച്ച്‌ നോക്കട്ടെ. 
ഫാഥ്വിമ വിറക്കുന്ന കൈകളോടെ ഉമറിന്റെ നേരെ ആ തോല്‍ക്കഷ്ണം നീട്ടി. അദ്ധ്യായം ഥ്വാഹയിലെ ആദ്യത്തെ ചില വചനങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്‌. ഉമര്‍ അതിലേക്ക്‌ കണ്ണോടിച്ചു. വായിച്ച്‌ തുടങ്ങി. മുഴുവന്‍ വായിച്ച്‌ കഴിഞ്ഞപ്പോള്‍ , കാറ്റിനെ പോലെ പതിഞ്ഞ ശബ്ദത്തില്‍ മന്ത്രിച്ചു. 
എത്ര സുന്ദരം! എത്ര മഹത്വമേറിയ വാക്യങ്ങള്‍ ! ഇത്രയും അര്‍ത്ഥ സമ്പുഷ്ടമായ സൂക്‌തങ്ങള്‍ നിരക്ഷരനായ മുഹമ്മദിന്‌ ഒരിക്കലുമെഴുതാനാവില്ല. എവിടെ മുഹമ്മദ്‌. എനിക്കദ്ദേഹത്തെ കാണണം. 
ദാറു അര്‍ഖം ഒരു ഒളിസങ്കേതമാണ്‌. അവിടെയാണ്‌ പ്രവാചകനും ദുര്‍ബലരായ അനുയായികളും മക്കക്കാരുടെ പീഢനം സഹിക്കവയ്യാതായപ്പോള്‍ ഒളിച്ചു താമസിക്കുന്നത്‌. ഹംസയുണ്ടവിടെ. അതു കൊണ്ടു തന്നെ അങ്ങോട്ടു വന്നാരും പീഢിപ്പിക്കാന്‍ ധൈര്യപ്പെടില്ല. ആ ഭവനത്തില്‍ തന്റെ അനുചരന്‍മാരോടൊത്ത്‌ പ്രവാചകന്‍ ഇരിക്കവെ ഒരനുചരന്‍ പേടിയോടെ പറഞ്ഞു.
അല്ലാഹുവിന്റെ ദൂതരേ, ഖഥ്വാബിന്റെ പുത്രന്‍ ഉമര്‍ വരുന്നു. അവന്റെ കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ട്‌. ആ വരവ്‌ ഒരിക്കലും നല്ലതിനാവില്ല തന്നെ. 
പ്രവാചകന്റെ പിതൃവ്യനായ ഹംസ പറഞ്ഞു. ആരും ഭയപ്പെടേണ്ട. ഉമര്‍ വരുന്നത്‌ നല്ലതിനാണെങ്കില്‍ അത്‌ ഉമറിന്‌ നന്നു. മറിച്ചാണെങ്കില്‍ അവന്റെ വാള്‍ തന്നെ അവന്റെ തലയരിയും. 
ഹംസ വീടിന്റെ വാതില്‍ക്കല്‍ വിലങ്ങനെ നിന്നു. ഉമര്‍ വന്നു. വീടിന്റെ മുറ്റത്ത്‌ നിന്നു. വാതില്‍ക്കല്‍ മഹാപര്‍വ്വതം പോലെ ഉറച്ചു നില്‍ക്കുന്ന ഹംസയെന്ന പോരാളികളില്‍ പോരാളി. ആ കൈ ഒന്നു തട്ടിമാറ്റാന്‍ പോലും തന്റെയീ ഇരുപത്തേഴാം വയസ്സില്‍ പോലും താനശക്‌തനാണെന്ന്‌ ഉമര്‍ മനസ്സിലാക്കിയപ്പോള്‍ , അകത്തളത്തിരിക്കുന്ന പ്രവാചകനെ നോക്കി ഇങ്ങിനെ വിളിച്ചു പറഞ്ഞു. 
അല്ലാഹുവിന്റെ പ്രവാചകരെ, ഉമര്‍ കീഴടങ്ങി വന്നവനാകുന്നു. ഉമര്‍ പ്രകാശം തേടി വന്നതാകുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഉമര്‍ സാക്ഷ്യം വഹിക്കുന്നു. 
ഭയന്നു നില്‍ക്കുകയായിരുന്ന പ്രവാചകാനുയായികള്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി. ആഹ്ളാദത്തിന്റെ ആരവമാണത്‌. ഉമര്‍ മുസ്ലിമായിരിക്കുന്നു. ഉമര്‍ പ്രചാകന്റെ കൂടെ ചേര്‍ന്നിരിക്കുന്നു. ഉന്നത കുലജാതനായ ഉമര്‍ . ധീരനായ ഉമര്‍ . ഉത്തമനായ ഉമര്‍ .
അവര്‍ സന്തോഷം കൊണ്ട്‌ പരസ്പരം കെട്ടിപ്പുണരവെ പ്രവാചകനോടായി ഉമറിന്റെ ചോദ്യം. 
അങ്ങ്‌ അല്ലാഹുവിന്റെ പ്രവാചകനല്ലെയോ?
പ്രവാചകാനുചരന്‍മാര്‍ പരസ്പരം നോക്കി. ചുണ്ടു പിളര്‍ന്ന്‌ പല്ലു കാണാത്ത വിധത്തില്‍ പ്രവാചകന്‍ ഒന്നു പുഞ്ചിരിച്ചു. 
അതെ ഉമര്‍ , ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാകുന്നു. എങ്കില്‍ ഇറങ്ങുക. വെളിച്ചത്തിലേക്കിറങ്ങി അങ്ങ്‌ ഉറക്കെ ഉറക്കെ പ്രബോധനം നടത്തുക. ഉമറിണ്റ്റെ ശവത്തിന്റെ നെഞ്ചില്‍ ചവിട്ടാതെ, അങ്ങയുടെ നേരെ ഒരാളും ദേഷ്യത്തോടെ ഒന്നു നോക്കാന്‍ പോലും ധൈര്യപ്പെടില്ല. 
അബൂജഹലും കൂട്ടരും ഉമറിനെ കാത്തിരിക്കുകയാണ്‌. ഉമറിപ്പോള്‍ മുഹമ്മദിന്റെ തലയെടുത്തിട്ടുണ്ടാവും, കഴുത്ത്‌ നല്ലവണ്ണം നീട്ടി വെട്ടിയിട്ടുണ്ടാവുമെന്നൊക്കെ അവര്‍ പരസ്പരം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഒരു ഇരമ്പല്‍ കേട്ടു തുടങ്ങി. പതുക്കെപ്പതുക്കെ ആ ശബദം അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനിയായി അവര്‍ക്ക്‌ കേള്‍ക്കാനായി. അവര്‍ അന്തം വിട്ടു. ഈ പകല്‍ മക്കയില്‍ മുഹമ്മദിന്റെ മതത്തിന്റെ അനുയായികള്‍ ഇത്ര പരസ്യമായി തക്ബീര്‍ മുഴക്കി നടക്കുകയോ? എങ്കിലവരെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം. എല്ലാവരും സജ്ജരായി നോക്കി നില്‍ക്കേ അതാവരുന്നു, ഒരു കൊച്ചു പ്രകടനം. രണ്ടു വരി. ഒരു വരിയുടെ മുന്നില്‍ അബ്ദുല്‍ മുഥ്വലിബിന്റെ പുത്രന്‍ ഹംസ. പ്രവാചകന്റെ പിതൃവ്യന്‍ . മറ്റേ വരിയുടെ മുന്നില്‍ .... !!? 
അതെ! അത്‌ ഉമറാണ്‌!! 
അബൂജഹലിനും കൂട്ടര്‍ക്കും തല കറങ്ങുന്നത്‌ പോലെ തോന്നി. കണ്ണുകള്‍ മുറുക്കിത്തിരുമ്മി പിന്നെയും നോക്കി. അതെ. ഉമറു തന്നെ. മുഹമ്മദിന്റെ തലയെടുക്കാനെന്നും പറഞ്ഞു പോയ അതേ ഉമര്‍ . ആ ഊരിപ്പിടിച്ച വാള്‌ ഇപ്പോഴും അവന്റെ കയ്യിലുണ്ട്‌. അന്തം വിട്ട്‌ പകച്ചു നില്‍ക്കുന്ന തന്റെ കൂട്ടുകാരോടായി അബൂജഹല്‍ പറഞ്ഞു. 
മുഹമ്മദിനെ പിടിക്കാന്‍ പോയ ഉമറിനെ മുഹമ്മദ്‌ പിടിച്ചിരിക്കുന്നു. അവന്റെ മാരണം മഹാമാരണം തന്നെയാകുന്നു....
صلي الله علي محمد .صلي الله عليه وسلم

കടപ്പാട് : അബൂതി ( ബ്ലോഗ്‌ : നികുഞ്ചം)