കഥ : മേഘം പറഞ്ഞത്
ഭൂമി വരണ്ടു. തവളകള്‍ വിടവുകളില്‍ കിടന്നു ചത്ത് പോകുന്നു. എല്ലും തോലുമായ
മനുഷ്യര്‍ ആ ചെറിയ വിടവുകള്‍ക്ക് മുകളിലൂടെ ജലത്തിനായ് പരക്കം പായുന്നു.
സൂര്യന്‍ മുകളില്‍ കത്തിജ്ജ്വലിച്ചു കൊണ്ടിരിക്കുന്നു. അപ്പോള്‍ അത് വഴി
വന്ന ഒരു കാര്‍മേഘം സൂര്യനോട് ചോദിച്ചു: ഇങ്ങിനെ
കത്തിജ്ജ്വലിക്കുന്നതെന്തിനാ.... ?ഞങ്ങളുടെ പിന്നാലെ പോയിരുന്നാല്‍ ആ മനുഷ്യര്‍ക്കിത്തിരി ആശ്വാസമെങ്കിലുമാകില്ലേ....? ഞാന്‍ മഴയായ് പെയ്യുകയും ചെയ്യാം....
ഇത് കേട്ട് സൂര്യന്‍ ഒരു ദയയുമില്ലാതെ ഇങ്ങിനെ പ്രതിവചിച്ചു: വേണ്ട...
വെള്ളത്തിന്റെ വില അവരറിയണം. എന്റെ കണ്ണാടിയായ പുഴയെ അവര്‍ വറ്റിച്ചു.
എന്നോട് പുഞ്ചിരിച്ചും കിന്നാരം പറഞ്ഞും സദാ സമയം എന്നോടൊപ്പം ചെലവഴിച്ച
മരങ്ങളെയും മലകളെയും അവരില്ലാതാക്കി....അന്നെന്റെ ആ നല്ല ചങ്ങാതിമാര്‍
എന്നോട് പറഞ്ഞിരുന്നു - ഇവരിതിനനുഭവിക്കുമെന്ന്‍.....അനുഭവിക്കട്ടെ...
കാലാകാലങ്ങളോളം ഇവരും ഇവരുടെ തലമുറകളും ദാഹത്തിന്റെ സുഖമനുഭവിക്കട്ടെ !
ക്രുദ്ധനായ സൂര്യന്‍ ഒരല്‍പ്പം ശാന്തനായപ്പോള്‍ കാര്‍മേഘം പറഞ്ഞു -
ഇവരിന്നു വെള്ളത്തിന്റെ മഹത്വം മനസ്സിലാക്കി കഴിഞ്ഞു. കണ്ടില്ലേ.... ആ
ടാങ്കര്‍ ലോറിക്ക് പിന്നില്‍ അവര്‍ വെള്ളത്തിനായ് അടിപിടി കൂടുന്നത്.
എനിക്കുറപ്പുണ്ട് ഇവറിനി വെള്ളം പാഴാക്കില്ലെന്നു. ഇതും പറഞ്ഞു കാര്‍മേഘം
തിമര്‍ത്ത് പെയ്യാന്‍ തുടങ്ങി.
വിണ്ടുകീറിയ മണ്ണിന്‍ വിടവുകളില്‍
നിന്ന് ദാഹജലത്തിനായ് വെപ്രാളപ്പെടുന്ന മാക്രികള്‍ പുറത്തേക്ക് തുള്ളി
ചാടി കരയാന്‍ തുടങ്ങി. ഉണങ്ങി കരിഞ്ഞു തുടങ്ങിയ മരച്ചില്ലകള്‍ക്ക്
പുനര്‍ജന്മം ലഭിച്ചു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഗ്രാമമാകെ
പച്ചയിലാണ്ട് കഴിഞ്ഞു . സൂര്യന്‍ തന്റെ കണ്ണാടിയും കിന്നാരം പറയാന്‍
കൂട്ടുകാരെയും കിട്ടിയ സന്തോഷത്തിലാണ്. പണ്ട് പെയ്ത കാര്‍മേഘം പിന്നെയും
വന്നു.
ടാപ്പ് തുറന്നു വിട്ട് ഓടിപ്പോയ കൊച്ചു കുട്ടികളെ
സ്നേഹത്തോടെ തിരിച്ച് വിളിച്ച് ഒരു വൃദ്ധന്‍ ഇങ്ങനെ ഉപദേശിച്ചു - ''മക്കളെ ,
പാടില്ല, ജലം അമൂല്യമാണ്, അത് പാഴാക്കരുത്.''
No comments:
Post a Comment